കേരളം നേരിട്ട രൂക്ഷമായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തുലാവര്‍ഷക്കാലത്തും ജനങ്ങള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് സെന്‍സിംഗ് വിഭാഗത്തിലെ സിനിയര്‍ സയന്റിസ്റ്റ് ഡോ.ഷിജോ ജോസഫ് അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവ വൈവിധ്യക്ലബ്ബ്, എന്‍വിറോ ക്ലബ്ബ്, ഭൂമിത്ര ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓസോണ്‍ ദിനാഘോഷ പരിപാടിയില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാര്‍ബണ്‍ ന്യൂട്രല്‍ ഡവലപ്‌മെന്റ് എന്ന പുതിയ വികസന സങ്കല്പം സ്വീകരിച്ചുകൊണ്ടുമാത്രമേ കാലാവസ്ഥാവ്യതിയാനങ്ങളെ നേരിടാന്‍ കഴിയുകയുള്ളു. ആഗോളതാപനത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും കാര്‍ബണ്‍ മാലിന്യങ്ങളുമാണ്. തൃശൂരില്‍ അടുത്തയിടെ നടത്തിയ പഠനത്തില്‍ 9,60,830 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വര്‍ഷം തോറും അന്തരീക്ഷത്തില്‍ കലരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ 64% ഡീസല്‍ വാഹനങ്ങളില്‍നിന്നാണെും മഴക്കാലത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് താരതമ്യേന കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ക്വാറികള്‍ ഇല്ലാത്ത വനപ്രദേശത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന വിമര്‍ശനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് സോയില്‍ പൈപ്പിംഗ് എന്ന് ശാസ്ത്രലോകം വിളിക്കുന്ന പ്രതിഭാസമാണ് ഇടുക്കിയിലും വയനാട്ടിലും വന്‍തോതില്‍ ഉരുള്‍ പൊട്ടലിന് ഇടയാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മലഞ്ചെരിവുകളില്‍ പാര്‍പ്പിടനിര്‍മ്മാണം ഒഴിവാക്കുതാണ് അഭികാമ്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓസോണ്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന,പോസ്റ്റര്‍ രചനാ മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ..മാത്യു പോള്‍ ഊക്കന്‍,ബോട്ടണി വിഭാഗം അദ്ധ്യക്ഷ ഡോ.ടെസ്സി പോള്‍, ഡോ.എന്‍.ജെ.മഞ്ജു, ഡോ.ബിജോയി സി എന്നിവര്‍ സംസാരിച്ചു.