പാലിയേക്കര ടോള്‍ പ്ലാസ വീണ്ടും തുറക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം – കേരള യുവജനപക്ഷം

558

പാലിയേക്കര ടോള്‍ പ്ലാസ വീണ്ടും തുറക്കുവാനുള്ള തീരുമാനം നിര്‍ത്തിവെയ്ക്കണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം പുനരധിവാസ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയദുരന്തത്താല്‍ വീടുകളും, വാഹനങ്ങളും, കന്നുകാലികളുള്‍പ്പെടെയുള്ള മൃഗങ്ങളും നഷ്ടപ്പെട്ട് ജനങ്ങള്‍ തലചായ്ക്കാന്‍ ഇടമില്ലാതെ ഓടിനടക്കുന്ന ഈ സാഹചര്യത്തിലും, റോഡുകള്‍ മുഴുവന്‍ പ്രളയ ദുരന്തത്താല്‍ മോശമായ അവസ്ഥയിലും, ജനങ്ങളുടെ മേല്‍ അമിത ടോളുമായി കുതിരകയറുത് അടിയന്തിരമായി ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും അമിത ടോള്‍ ഈടാക്കി അവരെ മാരകമായി ട്രോളുന്നത് ‘ഇടിവെട്ടേറ്റ ജനങ്ങളെ പാമ്പുകടിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയത്തോടനുബന്ധിച്ച് വളരെയധികം ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് മാത്രമാണ് അധികമായി ഉണ്ടാകേണ്ടിയിരുന്ന നാശനഷ്ടങ്ങളും മരണസംഖ്യയും നമുക്ക് പിടിച്ചുനിര്‍ത്താനായത്. സൈനികസേവനങ്ങളില്‍ പ്രത്യേകിച്ച് നേവി വിഭാഗം വളരെ ഫലപ്രദമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും നിരവധിപേരെ രക്ഷപെടുത്തുകയും ചെയ്ത അവരുടെ സേവനത്തിന് കേരളത്തിലെ ജനങ്ങള്‍ അവരോടു കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുള്‍പ്പെടെയുള്ള ജഡ്ജിമാരും, ജില്ലാ ജഡ്ജിമാരും, മറ്റു ന്യായാധിപരും, അഭിഭാഷകരും, അഭിഭാഷക അസ്സോസിയേഷനുകളും, രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കുകൊണ്ടു. മാധ്യമ പ്രവര്‍ത്തകരുടെ സേവനവും ഒപ്പം സോഷ്യല്‍മീഡിയായുടെ കൂട്ടായ്മയും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയൊരു പങ്കുവഹിച്ചു. ജനപ്രതിനിധികളുടേയും, ജില്ലാകളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാഭരണകൂടത്തിന്റെ പങ്കും, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫയര്‍ഫോഴ്‌സ്, പോലീസ്, കെ.എസ്.ഇ.ബി തുടങ്ങിയ ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത സേവനവും എടുത്തു പറയേണ്ടതാണ്. ജീവന്‍പണയം വെച്ചും ഒട്ടനവധിപേരെ രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളുടെ സേവനം എടുത്തുപറയേണ്ടതാണ്. ഒട്ടനവധി സിനിമാ താരങ്ങളും പ്രവര്‍ത്തകരും സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ജാതിമതഭേതമന്യേ കക്ഷിരാഷ്ട്രീയത്തിനതീതമായി കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ച യുവാക്കളുടെ കൂട്ടായ്മയും, റെസിഡന്‍സ് അസ്സോസ്സിയേഷനുകളും, പുരോഹിതരും, വിവിധ സംഘടനകളും, മതമേലധ്യക്ഷന്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും, ഐ.ടി മേഖലയിലുള്ള ഉദ്യോഗസ്ഥരും, അന്യ സംസ്ഥാന തൊഴിലാളികളും എന്നുവേണ്ട ഒരു വലിയ കൂട്ടായ്മയുടെ ഫലമാണ് പല ജീവനുകളേയും തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുവാന്‍ സാധിച്ചത്. പ്രവാസികളുടേയും വ്യവസായപ്രമുഖരുടേയും അകമഴിഞ്ഞ സഹായങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി. എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഒരു പരിധിവരെ നാം ഈ പ്രളയക്കെടുതിയെ അതിജീവിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട എല്ലാവര്‍ക്കും, കൂടാതെ ഇപ്പോഴും ക്യാമ്പുകളില്‍ സജീവമായി പ്രര്‍ത്തിച്ചുകൊണ്ടിരിക്കുതുമായ എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും കേരള യുവജനപക്ഷം നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു കേരള യുവജനപക്ഷം.
വിനു സഹദേവന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, പ്രൊഫ. സെബാസ്റ്റ്യന്‍ ജോസഫ്, അഡ്വ. പി.എസ്. സുബീഷ്, ജോസ് കിഴക്കേ പീടിക, സുരേഷ് പടിയൂര്‍, ജോര്‍ജ്ജ് വേളൂക്കര, എന്‍. സഹദേവന്‍, റാഫേല്‍ ടി.ഡി., അരവിന്ദാക്ഷന്‍ നടവരമ്പ്, ആന്റോ മുരിയാട്, തങ്കമ്മ നടവരമ്പ്, സുരേഷ് പുല്ലൂര്‍, പോളി മുരിയാട് ജോര്‍ജ്ജ് ഊളക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ജി. ദേവാനന്ദ്, ശരത് പോത്താനി, ജഫ്രിന്‍ ജോസ്, രോഹിത് നമ്പ്യാര്‍, പോള്‍ ജോസ് തെക്കേത്തല, ബ്രൈറ്റ് അച്ചങ്ങാടന്‍, ജെന്‍സന്‍ ആളൂര്‍, അശ്വിന്‍ സോമസുന്ദരം, സുധീഷ് കാറളം, ലിയോ എടക്കുളം, പ്രഭാകരന്‍ പാറയില്‍ റോഡ്, തോമസ് ഊളക്കാട്, ഷജീര്‍ എടത്തിരുത്തി, ലിജോഷ് ജോര്‍ജ്ജ്, ലാല്‍സ അവിട്ടത്തൂര്‍, അജീഷ് മാപ്രാണം, റോബിന്‍ റാഫേല്‍, സിജു മാരാത്ത്, പ്രശാന്ത് കെ.പി. തുടങ്ങിയ വോളണ്ടിയര്‍മാരുടെ നേതൃത്വത്തിലുള്ള 51 അംഗ ജനപക്ഷ പുനരധിവാസ സേനയെ യോഗം തെരഞ്ഞെടുത്തു.

 

Advertisement