മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളും, ഇരിഞ്ഞാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, നാട്ടിക, പുതുക്കാട് നിയമസഭമണ്ഡലങ്ങളും ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കുവാൻ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി നിർവാഹക സമിതിയോഗം കേരള സർക്കാരിനോടാവശ്യപ്പെട്ടു.
ഇതു മൂലം ജില്ല ആസ്ഥാനം എന്ന നിലയിലുള്ള വൻ വികസനം ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനുണ്ടാകുമെന്ന് സമിതി വിലയിരുത്തി. മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പനുവദിച്ചു കിട്ടാനും സ്റ്റേഷന്റെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനും ഒരു പരിധി വരെ ഇത് സഹായിക്കുമെന്ന് കഴിഞ്ഞ ഒന്നര വർഷമായി സ്റ്റേഷൻ വികസനത്തിനായി സമരമുഖത്തുള്ള വികസനസമിതി കരുതുന്നു.
നിലവിൽ ഇരിഞ്ഞാലക്കുടയിൽ ആർ. ഡി. ഒ, എസ്. പി ഓഫീസുകളും, റൂറൽ ട്രഷറി, ലാൻഡ് ട്രിബൂണൽ, ജില്ല കോടതി സമൂച്ഛയം, ജനറൽ ആശുപത്രി എന്നീ അടിസ്ഥാന സൗകര്യങ്ങളുള്ളത് നിർദ്ധിഷ്ട ജില്ലാ രൂപീകരണം വളരെ ത്വരിതഗതിയിലാക്കാൻ സഹായിക്കുമെന്ന് സമിതി യോഗം ചുണ്ടിക്കാട്ടി.
യോഗത്തിൽ പ്രസിഡന്റ് വര്ഗീസ് പന്തലൂക്കാരൻ അധ്യക്ഷനായിരുന്നു. ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജോസ് കുഴിവെലീ, ലാസർ മനാത്തു, ഡോ. സണ്ണി ഫിലിപ്പ്, കുമാരൻ കൊട്ടാരത്തിൽ, ഡേവിസ് എടപ്പിള്ളി എന്നിവർ പങ്കെടുത്തു. വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. എഫ്. ജോസ്
സ്വാഗതവും സെക്രട്ടറി സോമൻ ശാരദാലയം നന്ദിയും പറഞ്ഞു.




