ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്സ് കോളജ് ഓട്ടോണമസിൽ അമ്പതു വയസ്സ് പിന്നിട്ട വനിതകളുടെ തിരുവാതിരക്കൂട്ടം ശ്രദ്ധേയമായി. കോളജിലെ ഫിറ്റ്നസ് പാർക്കിൽ വൈകുന്നേരങ്ങളിൽ വ്യായാമത്തിനും നടത്തത്തിനുമായി ഒത്തുചേരുന്ന വനിതകളാണ് തിരുവാതിര അവതരിപ്പിച്ചത്.
50 മുതൽ 83 വയസ്സുവരെയുള്ളവരാണ് സംഘത്തിലുള്ളത്. റോസിലി പോൾ തട്ടിൽ, മിൻസി തോമസ്, സി. ഓമന, വിനീത ടീച്ചർ, സുധ എ. എൻ., ജെസി ജോബ്, വിനീത സുഭാഷ്, ലീന ബെന്നി, ലിസി ഡേവിസ്, അൽഫോൻസ ജോസ്, സെലിൻ ഡേവിസ്, അനിത മനോഹരൻ, ഷൈനി വർഗീസ്, മീനു മാധവ്, കല ദേവദാസ്, ഷൈല സുനിൽ എന്നിവർ തിരുവാതിരയിൽ പങ്കെടുത്തു.
സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഫിറ്റ്നസ് പാർക്ക് തുറന്നുകൊടുത്തതിന്റെ സന്തോഷകരമായ അനന്തരഫലമാണ് ഈ സൗഹൃദ വനിതാകൂട്ടായ്മ. സ്ഥിരമായ വ്യായാമത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും കലാപരമായ കഴിവുകളും വളർത്തിയെടുക്കുന്ന ഇടമായി ഫിറ്റ്നസ് പാർക്ക് മാറിയതിന്റെ മനോഹരമായ ഉദാഹരണമാണ് ഇവരുടെ തിരുവാതിരയെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ. സി. ഫ്ലവററ്റ്, ഡോ. സി. എലൈസ എന്നിവർക്കൊപ്പം കാണികളായി അധ്യാപകരും അധ്യാപകരും ചേർന്നതോടെ ആഘോഷമായ ചടങ്ങിൽ പായസവും ഉപ്പേരിയും ശർക്കര വറുത്തതും നൽകി കൂട്ടായ്മയുടെ ആനന്ദം അവർ പങ്കു വച്ചു.




