ഏഴാം കേരള ബറ്റാലിയൻ്റേയും ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിൻ്റെയും എൻസിസി കേഡറ്റായ ഫാത്തിമ നസ്രിൻ ഡൽഹിയിൽ നടക്കുന്ന എൻ. സി. സി.യുടെ തൽ സൈനിക് ക്യാമ്പിലേക്ക്.
എൻ. സി. സി. യുടെ സുപ്രധാന ക്യാമ്പുകളിലൊന്നായ തൽ സൈനിക് ക്യാമ്പ് (TSC) ഇത്തവണ ഡൽഹിയിൽ നടക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിന്നുള്ള സർജൻ്റ് ഫാത്തിമ നസ്രിൻ അതിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ്റെ എൻ.സി.സി. യൂണിറ്റാണ് സെൻ്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയിലേത്. കടുത്ത നിരവധി മത്സരങ്ങളുടെ കടമ്പകൾ കടന്നാണ് ഒരു കേഡറ്റ് ഡൽഹി ആസ്ഥാനത്തു നടക്കുന്ന ക്യാമ്പിൽ എത്തുന്നതെന്നും നസ്രിൻ്റെ നേട്ടം കലാലയത്തിൻ്റെ അഭിമാനമാണെന്നും പ്രിൻസിപ്പൽ Dr. സിസ്റ്റർ ബ്ലെസി പറഞ്ഞു. കേണൽ രജീന്ദർസിംഗ് സിദ്ദു നയിക്കുന്ന ഏഴാം കേരള ബറ്റാലിയനിൽ നിന്നുള്ള കൃത്യതയാർന്ന ട്രെയ്നിംഗാണ് ഇത്തവണ NCC കേഡറ്റ്സിനു നേട്ടമായത്. മേജർ ഗായത്രി K. നായർ, GCI ആശ കൃഷ്ണൻ എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്ന് അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ പറഞ്ഞു. ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശിയായ ഫാത്തിമ, മൂന്നാം വർഷ ആംഗലേയബിരുദ വിദ്യാർത്ഥിയും അബ്ദുൾ ഗഫൂർ – ഐഷാബി എന്നിവരുടെ മകളുമാണ്.