നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു എം കെ സാനു മാഷെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
മഹാപണ്ഡിതനും ധിഷണാശാലിയും സാമൂഹ്യ നീതിയുടെ സംരക്ഷകനും ആയിരുന്നു ഈ അദ്ധ്യാപക ശ്രേഷ്ഠൻ. ശ്രീനാരായണീയ ദർശനങ്ങളുടെ പൊരുളറിഞ്ഞയാൾ. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്നു കരുതിയ സാമൂഹ്യപ്രതിബദ്ധതയുടെ പ്രതീകമായിരുന്നു അദ്ദേഹം – മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.
കേരളം കണ്ട ഏറ്റവും മികച്ച വാഗ്മിയും പ്രഭാഷകനുമായ സാനു മാഷിന്റെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദുഃഖം മന്ത്രി ഡോ. ബിന്ദു രേഖപ്പെടുത്തി. ദീപ്തമായ ആ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു – മന്ത്രി കുറിച്ചു.