മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമര്‍പ്പിച്ചു

69

നിത്യ ജീവിതത്തില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുരിയാട് ഗ്രാമപഞ്ചായത്തിന് എഴുപതാം പിറന്നാള്‍ സമ്മാനമായി ആധുനിക ഇന്‍ഫ്രാസ്ട്രക്ച്ചറോട്കൂടി നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.പഞ്ചായത്തിന്റെ തനത് പ്രവര്‍ത്തികളായ ഡിജി മുരിയാട്, മൊബൈല്‍ ആപ്പ് തുടങ്ങിയ ആധുനിക സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം ആധുനിക സൗകര്യങ്ങള്‍ കൂടി ജനങ്ങള്‍ക്ക് നല്‍കുകയാണ് നവീകരണ പ്രവര്‍ത്തനത്തിലൂടെ മുരിയാട് ഗ്രാമപഞ്ചായത്ത്. കാര്‍ഷിക പ്രാധാന്യമുള്ള മുരിയാട് ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയില്‍ കൂടി കടന്ന് ചെല്ലുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ ആപ്ലിക്കേഷന്‍, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങള്‍, ഐഎല്‍ജി എംഎസ്, കുടുംബശ്രീ ഡിജിറ്റല്‍ ഹെല്‍പ്പ് ഡെസ്‌ക്, ഡിജി മുരിയാട് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഭരണസംവിധാനങ്ങള്‍ ആധുനിക കാലഘട്ടത്തിന് അനുസൃതമായി ക്രമീകരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പഞ്ചായത്ത് ഓഫീസ് ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചത്.2022 -23, 2023-24 എന്നീ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍,
പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. പ്രശാന്ത്, സരിതാ സുരേഷ്, കെ.യു. വിജയന്‍ , ഭരണ സമിതി അംഗം തോമാസ് തൊകലത്ത്, ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ വിനോദന്‍ , മിനി വരിക്കശ്ശേരി , ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രാഫ. എം.ബാലചന്ദ്രന്‍, കുടുംബശ്രീ ചെയര്‍ പെഴ്‌സണ്‍ സുനിതാ രവി , ഭരണസമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും നെല്ലി തൈകളും വിതരണം ചെയ്തു.

Advertisement