കൃത്രിമ കൈ വികസിപ്പിക്കാന്‍ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്

42

ഇരിങ്ങാലക്കുട: അംഗ പരിമിതർക്കായി കുറഞ്ഞ ചെലവിൽ കൃത്രിമ കൈ വികസിപ്പിച്ചെടുക്കാനുള്ള പ്രോജക്ടിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ്റെ രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്. വിദ്യാര്‍ഥികളായ ഷോൺ എം സന്തോഷ്, ഐശ്വര്യ എബി, അലീന ജോൺ ഗ്രേഷ്യസ്, ഐവിൻ ഡയസ് എന്നിവരുടെ സംഘം ഐഡിയ ഫെസ്റ്റിൽ നടത്തിയ അവതരണത്തിന് ആണ് അംഗീകാരം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രഫസറും ഐ ഇ ഡി സി നോഡൽ ഓഫീസറുമായ ഒ രാഹുൽ മനോഹർ ആണ് ടീമിൻ്റെ മെൻ്റർ. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. കാരൻ ബാബുവാണ് കോ-മെൻ്റർ. കല്ലേറ്റിൻകര നിപ്മറുമായി സഹകരിച്ച് ഒരു വർഷം മുൻപ് ആരംഭിച്ച പ്രോജക്ടിൻറ അടുത്ത ഘട്ടത്തിനായി ആണ് തുക വിനിയോഗിക്കുക. കെ കൃഷ്ണൻ, എസാജ് വിൽസൺ എന്നിവരടങ്ങുന്ന സംഘം ഇതിൻ്റെ ബീറ്റാ പ്രോട്ടോടൈപ് വികസിപ്പിച്ചിരുന്നു. ഈ പ്രോജക്ടിന് ലഭിച്ച അംഗീകാരം സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാൻ വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്ന് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ ആൻ്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ എന്നിവർ അഭിനന്ദിച്ചു.

Advertisement