ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തൽ പരിശീലനം : ക്യാമ്പ് സന്ദർശിച്ച് മന്ത്രി :പരിശീലനം 23 വാർഡുകളിൽ നിന്നായി 400 വിദ്യാർത്ഥികൾക്ക്

70

ആളൂർ: സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായാണ് മന്ത്രി ക്യാമ്പിലെത്തിയത്. കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാതൃകയാക്കേണ്ട പദ്ധതിയാണ് ആളൂർ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി നൽകി കുട്ടികൾക്ക് നിർബന്ധമായും പരിശീലനം നൽകണം. കുട്ടികൾക്ക് വെള്ളത്തിനോടും നീന്തലിനോടുമുളള ഭയം മാറ്റിയെടുക്കണമെന്ന് പറഞ്ഞ മന്ത്രി ആരോഗ്യ സംരക്ഷണത്തിൽ നീന്തലിന് വലിയ പ്രാധാന്യമുണ്ടെന്നും അവരെ ഓർമ്മിപ്പിച്ചു. ആളൂർ പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി ഏകദേശം 400 വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,50,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലകൻ മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശീലനം നൽകുന്നത്. പഞ്ഞപ്പിള്ളി പന്തലിച്ചിറയിൽ രാവിലെ 6.30 മുതൽ 7.30 വരെയും കുഴിക്കാട്ടുശ്ശേരി മഷികുളത്തിൽ വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് പരിശീലനം. ക്രിസ്മസ് അവധിയിൽ ആരംഭിച്ച പരിശീലനം ജനുവരി 2 വരെയുണ്ടാകും. പഞ്ചായത്തിലെ കൊച്ചുകുട്ടികൾ മുതൽ മുഴുവൻ പേർക്കും അഞ്ച് വർഷത്തിനകം ജലസാക്ഷരത നൽകുകയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.പന്തലിച്ചിറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വാർഡ് മെമ്പർ ഓമന ജോർജ്, ഷൈനി തിലകൻ, കെ ബി സുനിൽ, പി സി ഷണ്മുഖൻ, മിനി പോളി, പ്രഭ കൃഷ്ണനുണ്ണി, രേഖ സന്തോഷ്, മേരി ഐസക്, പഞ്ചായത്ത് സെക്രട്ടറി അനൂപ് എന്നിവർ പങ്കെടുത്തു.

Advertisement