മാപ്രാണം : ഇന്ന് ഉച്ചതിരിഞ്ഞ് ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിനും,വീട്ടുപകരണങ്ങൾക്കും കനത്ത നാശം സംഭവിച്ചു.മാപ്രാണം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന പാങ്ങാട്ടിൽ ജയപ്രസാദിന്റെ വീടിനാണ് കനത്ത നാശം സംഭവിച്ചത്.ഇടിവെട്ടും,മഴയും തുടങ്ങിയപ്പോൾ ജയപ്രസാദ്,ഭാര്യ സിന്ധുവും,മകനുമൊന്നിച്ച് വീടിനകത്ത് ഇരിക്കുകയായിരുന്നു.പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദവും,എന്തൊക്കെയോ തകർത്ത് വീഴുന്ന ശബ്ദവും കേട്ട് ഞെട്ടലോടെ അകത്ത് തന്നെയിരുന്നു.വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു.മഴകുറഞ്ഞപ്പോൾ മുറിയിൽനിന്നും ഇറങ്ങിനോക്കിയപ്പോഴാണ് നാശനഷ്ടങ്ങളുടെ ഭീതിതമായ ദൃശ്യങ്ങൾ ജയപ്രസാദ് കാണുന്നത്. കോൺക്രീറ്റ് മേൽക്കൂരയുള്ള വീടിന്റെ സ്വീകരണമുറിയിലെ ടൈലുകൾ ഇളകിത്തെറിച്ചു തറയിൽ വലിയ ഒരു കുഴി രൂപപ്പെട്ടു.പലയിടത്തും ഭിത്തികളിൽ വിള്ളൽ വീണു.മൂന്ന് ജനൽപാളികൾ തകർന്നു.വീട്ടുമുറ്റത്ത് നിന്നിരുന്ന വലിയ ഈട്ടിമരത്തിന്റെ കടയ്ക്കൽ വലിയ ഒരു കുഴിയും രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ വൃക്ഷങ്ങളുടെ ഇലകളെല്ലാം കത്തികരിഞ്ഞു. പ്രദേശത്തെ പല വീടുകളിലും ടി.വി,ഫ്രിഡ്ജ്,ഇൻവെർട്ടർ,ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ ഇടിമിന്നലിൽ നശിച്ചതായി അയൽവാസികൾ പറഞ്ഞു.തലനാരിഴക്കാണ് അപകടത്തിന്റെ ഞെട്ടൽ മാറാത്ത ജയപ്രസാദും,കുടുംബവും രക്ഷപ്പെട്ടത്.
ഇടിമിന്നലേറ്റ് വീടിന് വൻ നാശനഷ്ടങ്ങൾ
Advertisement