ശ്രീ കൂടൽമാണിക്കൃക്ഷേത്രത്തിലെ 2021 & 2022 തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരണവും നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഭക്ത ജനങ്ങളുടെ യോഗം നടന്നു

37

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്കൃക്ഷേത്രത്തിലെ 2021 & 2022 തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരണവും നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഭക്ത ജനങ്ങളുടെ യോഗം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയിൽ വച്ച് നടന്നു.ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻറെ ചരിത്രത്തിലാദ്യമായി ഏപ്രിൽ, മെയ് മാസങ്ങളിലായി രണ്ട് ഉത്സവങ്ങളാണ് നടന്നത്.പദ്മശ്രീ കലാമണ്ഡലം ഗോപി ആശാൻ മുതൽ ഉണ്ണായി വാര്യർ കലനിലയത്തിലെ വിദ്യാർഥികളടക്കം ഇരുന്നൂറിലേറെ കഥകളി കലാകാരന്മാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ മുതൽ മധ്യകേരളത്തിലെ പ്രഗത്ഭരായ മേള കലാകാരന്മാരോടൊപ്പം 150 ഏറെ വാദ്യകലാകാരന്മാർ, കേരളത്തിൽ നിന്നും മറ്റു 12 സംസ്ഥാനങ്ങളിൽ നിന്നുമായി കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാനൂറിലേറെ നിർത്ത സംഗീത കലാകാരന്മാർ, കേരളത്തിലെ അറിയപ്പെടുന്ന 25 ഗജവീരന്മാർ, കാലാവസ്ഥ പ്രതികൂലം ആയിരുന്നിട്ടും ഉത്സവം അതിഗംഭീരമായി നടത്തുവാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.പതിവുപോലെ ഉത്സവം കഴിഞ്ഞു ഒരുമാസം കഴിയുന്ന അന്നുതന്നെ സംഘാടകസമിതി വിളിച്ചുചേർത്തു വിശദമായ വരവുചെലവു കണക്കുകൾ യോഗത്തിൽ അവതരിപ്പിച്ചു.ഒരുകോടി 63 ലക്ഷം രൂപ ചെലവു വന്ന ഉത്സവ കണക്കുകൾ യോഗം ചർച്ച ചെയ്ത് ഐക്യകണ്ഠേന അംഗീകരിച്ചു. പ്രതികൂല സാഹചര്യത്തിലും സാമ്പത്തിക ബാധ്യത വരാത്തവിധത്തിൽ ഫണ്ട് കണ്ടെത്തുവാൻ കഴിഞ്ഞത് വൻവിജയമായി എന്നു യോഗത്തിൽ വിലയിരുത്തി.ഒരു മാസം നീണ്ടുനിൽക്കുന്ന നാലമ്പല ദർശനം വൻ വിജയം ആകുവാൻ യോഗത്തിൽ തീരുമാനമെടുത്തു.യോഗത്തിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാർ, ദേവസ്വം മാനേജർ, ജീവനക്കാർ, സംഘാടകസമിതി മെമ്പർമാർ തുടങ്ങി നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ഇരിഞ്ഞാലക്കുട RDO ഇപ്പോൾ കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന എം എച് ഹരീഷ് നന്ദിയും പറഞ്ഞു.

Advertisement