ദന്തരോഗ ചികിത്സക്കിടെ ആശ്വാസമേകാന്‍ അഡാപ്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റവുമായി സഹൃദയ

35

കൊടകര: പല്ല് സംരക്ഷണത്തിനായി ദന്താശുപത്രിയില്‍ ചെന്നവര്‍ക്കറിയാം ചികിത്സക്കിടെ പല്ല് തുരക്കുന്ന ഡ്രില്ലിന്റേയും മോട്ടോറിന്റേയുമൊക്കെ അസഹനീയമായ ശബ്ദം. കുറച്ച് നേരം തുടര്‍ച്ചയായി ഈ ശബ്ദം കേള്‍ക്കുമ്പോഴേക്കും രോഗികള്‍ അസ്വസ്ഥരാകുന്നു. ഡോക്ടര്‍ക്ക് രോഗിയുമായി എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ഈ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുന്നു. ഈ ശബ്ദം വളരെ കുറക്കുന്നതിനും മനുഷ്യ ശബ്ദം നല്ല രീതിയില്‍ കേള്‍ക്കുന്നതിനും പറ്റിയ ഹെഡ്സെറ്റ് കണ്ട് പിടിച്ചിരിക്കുകയാണ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. അഡാപ്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റം എന്ന് ഹെഡ്സെറ്റ് ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദത്തിന്റെ തീവ്രത വളരെ കുറച്ച് രോഗിക്ക് മനുഷ്യന്റെ ശബ്ദം മാത്രം കേള്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടിന്‍സി 4.1 മൈക്രോ കണ്‍ട്രോളര്‍,ഓഡിയോ ഷീല്‍ഡ്,മൈക്ക്,പ്രത്യേകമായി വികസിപ്പിച്ച സിഗ്നല്‍ പ്രൊസസിംഗ് അല്‍ഗോരിതം തുടങ്ങിയവയാണ് അഡാപ്റ്റീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റത്തിലെ പ്രധാന ഭാഗങ്ങള്‍. യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വളരെ ശബ്ദം കൂടിയ ഫാക്ടറികളിലും കമ്പനികളിലും ജീവനക്കാര്‍ ആശയ വിനിമയം നടത്താന്‍ സാധിക്കുന്ന വിധത്തില്‍ ഈ ഉപകരണം രൂപ മാറ്റം വരുത്തി ഉപയോഗിക്കാനും പദ്ധതിയുണ്ട്. സഹൃദയയിലെ അവസാന വര്‍ഷ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥികളായ എയ്ഞ്ചല്‍ റോസ് ചക്ക്യേത്ത്,പി.എസ്. അമര്‍നാഥ്,ആല്‍ഫിന്‍ ജോസഫ്,മിന്‍ഷാ സക്കറിയ എന്നിവര്‍ ഡോ. വി. യുവരാജിന്റെ നേതൃത്വത്തിലാണ് ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന സമ്മര്‍ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനവും,ഫിസാറ്റ് അങ്കമാലിയിലെ ടെകത്തോണില്‍ രണ്ടാം സ്ഥാനവും തൃശൂര്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സൃഷ്ടി 2022-ല്‍ മൂന്നാം സ്ഥാനവും ഈ പ്രൊജക്ട് നേടിയിട്ടുണ്ട്.

Advertisement