ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്നരക്കോടി രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് ഒരുങ്ങുന്നു. മന്ത്രി ഡോ.ആർ. ബിന്ദു ശിലാസ്ഥാപനം നിർവഹിച്ചു

56

ഇരിങ്ങാലക്കുട: മനുഷ്യ സ്നേഹത്തിലൂന്നിയും ജീവകാരുണ്യം മുൻ നിർത്തിയുമായിരിക്കണം ആശുപത്രികളിലെ പ്രവർത്തനം നടത്തേണ്ടതെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രിയിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കേണ്ടതും പൊതു ആരോഗ്യ മേഖലയിലേക്ക് കൂടുതലാളുകളെ എത്തിക്കേണ്ടതും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനായി 3.47 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നാഷണൽ ഹെൽത്ത് മിഷൻ വഴി ടെണ്ടറുകൾ പൂർത്തികരിച്ച് എച്ച്.എ.എൽ ലൈഫ് കെയറാണ് നിർമ്മാണ ചുമതലകൾ നിർവഹിക്കുന്നത്.ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി.വി.ചാർലി , ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ സുജ സജീവ് കുമാർ , പൊതുമരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ പി.ടി. ജോർജ് , തൃശ്ശൂർ ഡി.പി.എം ഡോ. യു.ആർ.രാഹുൽ , സി.പി.ഐ(എം) ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാർ , സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി. മണി, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എം. റിയാസുദ്ദീൻ, കേരള കോൺഗ്രസ്സ് (എം) ജില്ലാ സെക്രട്ടറി ടി.കെ. വർഗ്ഗീസ് മാസ്റ്റർ, കേരള കോൺഗ്രസ്സ് (ജെ) നിയോജക മണ്ഡലം സെക്രട്ടറി റോക്കി ആളൂക്കാരൻ , ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട എന്നിവർ സംസാരിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. എ.എ. മിനിമോൾ നന്ദിയും പറഞ്ഞു.

Advertisement