കോൺക്രീറ്റിങ്ങിൻ്റെ കരുത്ത് വർധിപ്പിക്കാൻ ഉമിക്കരി: ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന് ഗവേഷണ ഗ്രാൻഡ്

28

ഇരിങ്ങാലക്കുട : ഉമി ചാരം (ഉമിക്കരി) ഫൈൻ അഗ്ര ഗേറ്റ് കളിൽ ഒന്നായി ഉപയോഗിച്ച് കോൺക്രീറ്റിങ്ങിൻ്റെ കരുത്ത് വർദ്ധിപ്പിക്കുക എന്ന ആശയത്തിന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന് ഗവേഷണ ഗ്രാൻഡ് ലഭിച്ചു. കേരള സാങ്കേതിക സർവകലാശാല യ്ക്കു വേണ്ടി നടത്തുന്ന ഗവേഷണത്തിന് കാലടി റൈസ് മില്ലേഴ്സ് കൺസോർഷ്യം ( കെ ആർ എം സി) ആണ് ഫണ്ട് നൽകുന്നത്. അരി നിർമാണ വ്യവസായത്തിലെ പ്രധാന അവശിഷ്ട വസ്തുവായ ഉമിക്കരി ( ഉമി ചാരം) ഉപകാരപ്രദമായി എങ്ങനെ വിനിയോഗിക്കാം എന്ന വിഷയത്തിൽ കേരള സാങ്കേതിക സർവകലാശാല നടത്തിയ ഇന്നവേഷൻ ചലഞ്ചിലാണ് ഡോ. എം ജി കൃഷ്ണപ്രിയ, ഡോ. ജിനോ ജോൺ, വിനീത ഷാരോൺ എന്നിവരടങ്ങിയ സംഘം സമർപ്പിച്ച ആശയത്തിന് അംഗീകാരം ലഭിച്ചത്. ഗവേഷണം വിജയമായാൽ കോൺക്രീറ്റിങ്ങിൽ എം സാൻഡിൻ്റെയും മണലിൻ്റെയും ഉപയോഗം കുറയ്ക്കാനും ഉമിക്കരി സംസ്കരണത്തിന് ശാശ്വത പരിഹാരം കാണാനും കഴിയും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവിൻ്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ യില് നിന്ന് കോളജിന് വേണ്ടി ഡോ. ജിനോ ജോൺ ആദ്യ ഗഡു ഏറ്റു വാങ്ങി. നാട്പാക്, പൊതുമരാമത്ത്, ജലവിഭവ വകുപ്പുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി വിവിധ ഏജൻസികൾക്കായി കൺസൾട്ടൻസി പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിച്ചു കൊണ്ട് നേരത്തെ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് സിവിൽ എൻജിനീയറിംഗ് വിഭാഗം മികവ് കാട്ടി യിട്ടുണ്ട്.

Advertisement