ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും കറന്റ് കിട്ടാതെ ശുദ്ധജല പദ്ധതി പ്രവര്‍ത്തനക്ഷമമായില്ല

28

കരുവന്നൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും കറന്റ് കിട്ടാതെ ശുദ്ധജല പദ്ധതി പ്രവര്‍ത്തനക്ഷമമായില്ല. ഇരിങ്ങാലക്കുട നഗരസഭ മൂന്നാം ഡിവിഷന്‍ പുറത്താട് 25 ഓളം കുടുംബങ്ങള്‍ക്കായി 3.10 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതിയാണ് ഇനിയും യാഥാര്‍ഥ്യമാകാതെ കിടക്കുന്നത്. ഇതുമൂലം പ്രദേശവാസികള്‍ക്ക് ഇപ്പോഴും കിണറില്‍ നിന്നും വെള്ളം കോരിയെടുക്കേണ്ട അവസ്ഥയാണ്. പുത്തന്‍തോട്- കാറളം പി.ഡബ്ല്യൂ.ഡി. റോഡില്‍ പുറത്താടുള്ള പൊതുകിണര്‍ അറ്റകുറ്റപണികള്‍ നടത്തിയാണ് ശുദ്ധജല വിതരണത്തിനായി സമീപത്ത് ടാങ്ക് സ്ഥാപിച്ചത്. സോഷ്യോ കമ്പനിയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല. ടാങ്കിന് അടുത്തായി ഇരുമ്പ് ഷീറ്റ് മാത്രം ഉപയോഗിച്ചാണ് മോട്ടോര്‍ ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിന് മുമ്പായി 2020 നവംബര്‍ മൂന്നിനാണ് പദ്ധതി ഉദ്ഘാടനം നടത്തിയെങ്കിലും ഒരു വിഭാഗം എതിര്‍പ്പുമായി എത്തുകയും കെ.എസ്.ഇ.ബി.ക്ക് പരാതി നല്‍കുകയുമായിരുന്നു. തര്‍ക്കമുയര്‍ന്നതോടെ പദ്ധതിക്ക് കണക്ഷന്‍ നല്‍കാന്‍ കെ.എസ്.ഇ.ബി. തയ്യാറായില്ല. സാങ്കേതികമായ നപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് സോഷ്യോ കമ്പനി നിര്‍മ്മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും രാഷ്ട്രീയമായ എതിര്‍പ്പാണ് കണക്ഷന്‍ കിട്ടാന്‍ തടസ്സമായതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍ പദ്ധതിയ്ക്കായി സ്ഥലം പരിശോധിച്ച സമയത്തും നിര്‍മ്മാണവേളയിലും വൈദ്യൂതി ലൈന്‍ ശ്രദ്ധിക്കാതിരുന്നതാണ് കണക്ഷന്‍ കിട്ടാന്‍ തിരിച്ചടിയായതെന്നും ആക്ഷേപമുണ്ട്. വാട്ടര്‍ ടാങ്കിന് മുകളിലൂടെ പോകുന്ന ത്രീഫേസ് ലൈന്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമെ കണക്ഷന്‍ നല്‍കാന്‍ കഴിയുകയൊള്ളൂവെന്നാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി. പറയുന്നതെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ പ്രവീണ്‍ പറഞ്ഞു. ലൈന്‍ മാറ്റി വലിക്കുന്നതിനായി കെ.എസ്.ഇ.ബി. ക്വട്ടേഷന്‍ തന്നീട്ടുണ്ട്. സോഷ്യോ കമ്പനിയോട് ഇതുവരെ ചെയ്ത വര്‍ക്കുകളുടെ ബില്ലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലുകള്‍ കിട്ടിയതിന് ശേഷം അതിന്റെ ബാലന്‍സ് നോക്കി ബാക്കി തുക കൗണ്‍സിലില്‍ വെച്ച് പാസ്സാക്കി വേണം ലൈന്‍ മാറ്റി സ്ഥാപിച്ച് കണക്ഷന്‍ ലഭ്യമാക്കാനെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഒന്നര ലക്ഷത്തോളം രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നതായും നിര്‍വ്വഹണ ഏജന്‍സിയായ സോഷ്യോയുമായി ചര്‍ച്ച നടത്തി സോളാര്‍ പാനല്‍ സ്ഥാപിക്കുവാന്‍ കഴിയുമോയെന്ന് പരിശോധിക്കുകയാണന്നും നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയാഗിരി പറഞ്ഞു.

Advertisement