അഭിഭാഷകക്ഷേമ നടപടികൾ ത്വരിതഗതിയിൽ ഉണ്ടാകണം ന്യായാധിപനിയമനം സുതാര്യമാക്കണം:-അഡ്വ :മഞ്ചേരി ശ്രീധരൻ നായർ

24

ഇരിങ്ങാലക്കുട :അഭിഭാഷകക്ഷേമ നടപടികൾ ത്വരിതഗതിയിൽ നടപ്പാക്കുക , ന്യായാധിപനിയമനം സുതാര്യമാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ: മഞ്ചേരി ശ്രീധരൻ നായർ അഭിപ്രായപ്പെട്ടു.ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേസ് ഇരിങ്ങാലക്കുട യൂണിറ്റിന്റ നേതൃത്വത്തിൽ കോർട്ട് കോംപ്ലക്സ് ൽ സംഘടിപ്പിച്ച ദേശീയ നിയമ ദിനാചരണ സമ്മേളനം ഉത്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലാനുസൃതമായി തിരുത്തലുകൾ വരുത്തി മദർ ഓഫ് ഓൾ ലോസ് ആയ ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിയിൽ നിയമ സംവിധാനം ഫലപ്രദമായി പുലരുന്നു. ജാതി, മത, രാഷട്രീയ, വർണ്ണ,വർഗ്ഗ വേർതിരിവിനാൽ ഇന്ത്യൻ സമൂഹമനസ്സാക്ഷി വലിയ ഭീഷണി നേരിടുമ്പോൾ വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന സങ്കൽപത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമ വ്യവസ്ഥയിൽ അതിപ്രധാന പങ്കുവഹിക്കുന്ന അഭിഭാഷകരുടെ ക്ഷേമനിധി, ചികിത്സാ സഹായം, മെറ്റേർണിറ്റി ബെനഫിറ്റ്, ജൂനിയർമാർക്ക് സ്റ്റൈപ്പൻ്റ് തുടങ്ങി ഐ എ എൽ മുന്നോട്ട് വക്കുന്ന ആവശ്യങ്ങൾ സർക്കാർ സത്വരം നടപ്പിലാക്കണമെന്നും ന്യായാധിപനിയമനം സുതാര്യമാക്കുന്നതോടൊപ്പം പ്രാക്ടീസ് ചെയ്യാതെ പരീക്ഷയെഴുതി മാർക്ക് ലഭിക്കുന്നതിന് അമിത പ്രാധാന്യം നൽകാതെ പ്രാക്ടീസിങ് അഡ്വക്കേറ്റ്സിന് നിയമനത്തിൽ അർഹിക്കുന്ന മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺസ്റ്റിറ്റ്യൻറ് അസംബ്ലി ഭാരതത്തിൻ്റെ ഭരണഘടന പൂർത്തീകരിച്ച് അംഗീകരിച്ച 1949 നവംബർ 26 ആണ് ദേശീയ നിയമിദനമായി ആഘോഷിക്കപ്പെടുന്നത്. ഐ എ എൽ നേതാക്കളായ അഡ്വ: എം എ. ജോയ്, അഡ്വ: രാജേഷ് തമ്പാൻ, എ ഐ എൽ യു ഭാരവാഹി അഡ്വ: എ എ. ബിജു, ലോയേഴ്സ് കോൺഗ്രസ് ജില്ലാ ഭാരവാഹി അഡ്വ : ആൻ്റണി തെക്കേക്കര, അഭിഭാഷക പരിഷത്ത് ഭാരവാഹി അഡ്വ: കെ എസ് :സുധീർ ബേബി, ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ട് അഡ്വ : പോളി ജെ. അരിക്കാട്ട്, അഡ്വ എം എ. കൊച്ചാപ്പു എന്നവർ സംസാരിച്ചു.

Advertisement