ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിക്കാനൊരുങ്ങുന്നു

95

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിക്കും. ടാറിങ്ങ് പ്രവര്‍ത്തികൊണ്ട് ഫലമില്ലാത്തതിനാലാണ് റോഡ് തകര്‍ന്ന് കുണ്ടും കുഴികളുമായി കിടക്കുന്ന 20 മീറ്ററില്‍ താഴെ വരുന്ന സ്ഥലത്ത് ടൈല്‍സ് വിരിക്കാനൊരുങ്ങുന്നത്. കാട്ടൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് തിരക്കേറിയ ബസ് സ്റ്റാന്റ് വഴി പോകാതെ എളുപ്പം ഠാണാവിലേക്ക് എത്തുന്നതിനായിട്ടാണ് സമാന്തരമായി ബൈപ്പാസ് റോഡ് നിര്‍മ്മിച്ചത്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ മദ്ധ്യത്തില്‍ മീറ്ററുകളോളം തകര്‍ന്ന് കിടക്കുന്നത് കാലങ്ങളായി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മഴക്കാലങ്ങളില്‍ ഈ ഭാഗത്ത് വെള്ളം കെട്ടിനിന്ന് വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡ് തകര്‍ന്ന് താഴേയ്ക്കിരിക്കുന്നതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ജനം പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഇരിങ്ങാലക്കുട സന്ദര്‍ശിച്ചതിന് മുന്നോടിയായി ബൈപ്പാസ് റോഡ് ടാറിങ്ങ് നടത്തിയിരുന്നെങ്കിലും തകര്‍ന്നുകിടന്നിരുന്ന ഈ ഭാഗത്ത് ടാറിങ്ങ് നടത്തിയിരുന്നില്ല. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഭാഗത്ത് വലിയ മെറ്റലുകളിട്ട് കുഴികളടയ്ക്കുകയാണ് നഗരസഭ ചെയ്തത്. ഈ ഭാഗം ഒഴിവാക്കിയത് സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ടാറിങ്ങ് ഫലപ്രദമല്ലാത്തതിനാല്‍ ടൈല്‍സിടുന്നതിനായിട്ടാണ് ഈ ഭാഗം ഒഴിവാക്കിയതെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയാഗിരി പറഞ്ഞു. നേരത്തെ ഇതിനായി എസ്റ്റിമേറ്റ് എടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ടൈല്‍സിടാന്‍ കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. മഴ തുടര്‍ന്നില്ലെങ്കില്‍ ഈ ആഴ്ചതന്നെ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കി. അതേസമയം റോഡിന്റെ നിര്‍മ്മാണത്തിലെ അപാകവും മഴ പെയ്ത് റോഡില്‍ നിറയുന്ന വെള്ളം ഒഴുകി പോകാന്‍ പാകത്തിന് കാനയില്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ജനം ആരോപിക്കുന്നത്. ബൈപ്പാസ് റോഡിന് ഇരുവശത്തും വെള്ളം ഒഴുകി പോകുന്നതിന് കാന നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.

Advertisement