മൂന്നാം തരംഗത്തിന് മുന്നേ പ്രതിരോധം തീർക്കാൻ മുരിയാട് പഞ്ചായത്തിന്റെ ആയുർ കിരണം

33

മുരിയാട്: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം എന്ന സാധ്യതയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദത്തിന് സാധ്യത ഉപയോഗപ്പെടുത്താൻ ആയുർ കിരണം എന്ന പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ ഇദംപ്രഥമമായാണ് ഇത്തരം പദ്ധതി ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടം അംഗനവാടി കുട്ടികൾക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. അംഗനവാടികൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു തരത്തിലുള്ള മരുന്നുകൾ ആണുള്ളത്. കുട്ടികൾക്ക് അനായാസേന കഴിക്കാൻ പറ്റാവുന്ന മരുന്നുകളാണ്. മരുന്ന് വിതരണത്തിന് മുൻപായി രക്ഷിതാക്കൾക്കായി പ്രത്യേക ഓൺലൈൻ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. പദ്ധതി ആനന്ദപുരം അമൃതം അംഗനവാടിയിൽ വച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മരുന്ന് കിറ്റ് ഐസിഡിഎസ് സൂപ്പർവൈസർ രാഗിക്കു കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. വൈസ് പ്രസിഡണ്ട് ഷീല ജയരാജ് അധ്യക്ഷത വഹിച്ചു. ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ പദ്ധതി വിശദീകരിച്ചു. ക്ഷേമ കാര്യ സമിതി ചെയർമാൻ രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത് എന്നിവർ ആശംസകളർപ്പിച്ചു. വികസന കാര്യ സമിതി ചെയർമാൻ കെ പി പ്രശാന്ത് സ്വാഗതവും ആരോഗ്യ കാര്യ സമിതി ചെയർമാൻ കെ യു വിജയൻ നന്ദിയും പറഞ്ഞു.

Advertisement