അപൂർവയിനം നാടവലചിറകനെ കേരളത്തിൽ നിന്നും ആദ്യമായി കണ്ടെത്തി

123

ഇരിങ്ങാലക്കുട: പാരിസ്ഥിതിക പ്രശ്നങ്ങളുടെയും കാലാവസ്ഥ വിദ്യാലയങ്ങളുടെയും ജൈവവൈവിധ്യ ശോഷണത്തിൻ്റെയും വാർത്തകൾക്കിടയിൽ ആശ്വാസമായി ഒരു കണ്ടെത്തൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻറമോളജി ഗവേഷണകേന്ദ്രത്തിലെ(SERL )ഗവേഷകസംഘം വല ചിറകൻ(neuroptera )വിഭാഗത്തിലെ അപൂർവയിനം നാടവലചിറകനെ(nemopteridae, thread-winged lacewing )കേരളത്തിൽ നിന്നും ആദ്യമായി കണ്ടെത്തി. പാലക്കാട് പുതുനഗരത്തിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
ദേശീയ ശാസ്ത്ര മാസികയായ റെക്കോർഡ് ഓഫ് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥിയായ ടി ബി സൂര്യനാരായണൻ, ഗവേഷണ മേധാവിയും അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ :ബിജോയ് സി എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. ഇരുണ്ട തവിട്ടുനിറത്തിലുള്ള ഇവയുടെ ഉദരത്തിലെ മുകൾഭാഗത്തായി വട്ടത്തിലുള്ള വെളുത്ത വരകൾ ഉണ്ട്. പിൻ ചിറകുകൾ നീണ്ട നാട പോലെ ഉള്ളതുകൊണ്ടാണ് ഈ കുടുംബത്തെ നാടവലചിറകൻ എന്ന് അറിയപ്പെടുന്നത്. പിൻ ചിറകുകൾക്ക് ശരീരത്തേക്കാൾ അഞ്ചു മടങ്ങ് നീളം കൂടുതലാണ്. ഏഴു മില്ലിമീറ്റർ നീളവും, രണ്ടു മില്ലിമീറ്റർ വീതിയുമുള്ള ഇവ രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുന്നത്.ഇന്ത്യയിലെ ഏക നാടവലചികാൻ സ്പീഷിസാണിത്. കൗൺസിൽ ഓഫ് സയൻറിഫിക് ഇൻഡസ്ട്രിയൽ റീ സർച്ച് (സി എസ് ഐ ആർ )ന്റെ സാമ്പത്തിക സഹായത്തോടുകൂടിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്.

Advertisement