കലാരൂപത്തിലൂടെ സാമൂഹിക മാറ്റത്തിനായി സമൂഹത്തിൻ്റെ പൊതുധാരയെ പ്രബലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ടി എൻ നമ്പൂതിരി:-കെ. രാജൻ

23

ഇരിങ്ങാലക്കുട :കാലഘട്ടം ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ നാടകം മുതലായ കലാരൂപത്തിലൂടെ സാമൂഹിക മാറ്റത്തിനായി സമൂഹത്തിൻ്റെ പൊതുധാരയെ പ്രബലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ടി എൻ നമ്പൂതിരി എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു.സ്വാതന്ത്ര്യ സമരസേനാനിയും,സിപിഐ നേതാവും കലാസാംസ്കാരിക നായകനുമായിരുന്ന ടി. എൻ. നമ്പൂതിരിയുടെ നാല്പത്തി മൂന്നാം ചരമവാർഷിക ദിനാചരണ സമ്മേളനവും ,ടി എൻ സ്മാരക അവാർഡ് സമർപ്പണവും, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ.രാജൻ,സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും ടി.എൻ നമ്പൂതിരി സ്മാരക സമിതിയും സംയുക്തമായി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ 2021ലെ ടി എൻ സ്മാരക അവാർഡ് നാടക നടിയും നർത്തകിയും നൃത്തഅദ്ധ്യാപികയുമായിരുന്ന കലാമണ്ഡലം ക്ലാരക്ക് മന്ത്രി കെ. രാജൻ സമ്മാനിച്ചു.കൗമാരപ്രായത്തിൽ കേരള കലാമണ്ഡലത്തിലെ ആദ്യബാച്ചിൽ തന്നെ നൃത്താഭ്യാസനം തുടങ്ങിയ ക്ലാര ക്രിസ്തീയ സമുദായത്തിൽനിന്നും കലാമണ്ഡലത്തിൽ പഠിച്ച ആദ്യ വിദ്യാർത്ഥിനിയുമാണ്. മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചു. കലാ പഠനത്തിനുശേഷം പ്രേംജി, പരിയാനം പറ്റ, എം എസ് നമ്പൂതിരി, ടി എൻ നമ്പൂതിരി എന്നീ പ്രഗത്ഭരോടൊപ്പം നാടകരംഗത്തും അഭിനയിച്ച് ജനശ്രദ്ധ നേടി. 1954 ൽ ടി എൻ നമ്പൂതിരി സെക്രട്ടറിയായി ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച കേരള കലാവേദി അവതരിപ്പിച്ച ചെറു കാടിന്റെ “നമ്മളൊന്ന്” എന്ന നാടകത്തിലെ ആയിഷ എന്ന ചുറുചുറുക്കുള്ള കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു. കേരള കലാവേദിയുടെ “ചവിട്ടിക്കുഴച്ച മണ്ണിലും ” അഭിനയിച്ചു. കലാ പ്രവർത്തനത്തോടൊപ്പം ഔപചാരിക വിദ്യാഭ്യാസത്തിന് പ്രാധാന്യം തിരിച്ചറിഞ്ഞ് ടി ടി സി പാസായി അദ്ധ്യാപിക ജോലിയിൽ പ്രവേശിച്ചു. കലോൽസവ സംഘനത്തോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധം തുടർന്നു. കുടുംബത്തിന്റെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം മൂലം സി അച്യുതമേനോൻ,കെ പി പ്രഭാകരൻ,വി. വി രാഘവൻ എന്നീ നേതാക്കളെ പരിചയപ്പെടുന്നതിനും പഠന ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും അവസരമുണ്ടായി. വിൽവട്ടം ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനാധ്യാപകനായി പരേതനായ സക്കറിയ ആണ് ഭർത്താവ് എം.എസ് നമ്പൂതിരിയുടെ ജന്മശതാബ്ദി വേളയിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇപ്പോൾ വിൽവട്ടം ഹയർസെക്കൻഡറി സ്കൂളിനടുത്ത് താമസം.സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തിൽ . സ്മാരക സമിതി സെക്രട്ടറി കെ.ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി,ഇ.ബാലഗംഗാധരൻ, ടി കെ സുധീഷ്, ടി എം ദേവദാസ്, എൻ കെ ഉദയപ്രകാശ്, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, കെ. എസ്. പ്രസാദ്‌ എന്നിവർ സംസാരിച്ചു. കോവിഡ് കാലഘട്ട പ്രത്യേകത കണക്കിലെടുത്ത് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ ലൈവായി ചടങ്ങുകൾ സംപ്രേഷണം ചെയ്തു

Advertisement