പൂമംഗലം ഗ്രാമപഞ്ചായത്തിലെ 7 -ാം വാര്‍ഡില്‍ ഉള്‍പ്പെട്ട തോപ്പ് ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി

49

അരിപ്പാലം: മഴ ശക്തമായതോടെ തോപ്പിന്റെ ഒരു ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട തോപ്പ് ഭാഗത്താണ് വെള്ളക്കെട്ട് ഭീഷണി ഉയര്‍ത്തുന്നത്. അങ്കണവാടി- കല്‍പറമ്പ് റോഡില്‍ കോമ്പരുപറമ്പില്‍ തറവാട് ക്ഷേത്രം വഴിയും അതിന് സമീപത്തെ വീടുകളുമെല്ലാം വെള്ളക്കെട്ടിലാണ്. താഴ്ന്ന ഭാഗത്ത് വെള്ളം നിറഞ്ഞ് സമീപത്തുകൂടെ പോകുന്ന കല്‍പ്പറമ്പ് കപ്പേള റോഡിലേയ്ക്കും വെള്ളം കയറിയിട്ടുണ്ട്. പഞ്ചായത്തിന്റെ കിഴക്ക് കോളനി, കല്‍പറമ്പ് ഭാഗത്തുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന വെള്ളമാണ് ഇവിടെ സംഭരിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടിലൂടെ പാടത്തേയ്ക്കുള്ള കാനയിലേയ്ക്കായിരുന്നു ഒഴുകിയിരുന്നത്. എന്നാല്‍ വെള്ളം ഒഴുകിപോയിരുന്ന വഴികളെല്ലാം അടഞ്ഞതോടെ ഒഴുക്ക് കുറഞ്ഞു. തോട് നികത്തിയ ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോള്‍ കാനയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. വെള്ളം കെട്ടികിടക്കുന്നതിനാല്‍ പ്രദേശത്തെ പുല്ലും മറ്റ് ചീഞ്ഞ് ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമോയെന്ന ആശങ്കയും സമീപവാസികള്‍ക്കുണ്ട്. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ജില്ലാ പഞ്ചായത്തില്‍ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരേയും അതിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടില്ല. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തിയുടെ ടെണ്ടര്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കി കഴിഞ്ഞതായി വാര്‍ഡ് മെമ്പര്‍ അഡ്വ. ജോസ് മൂഞ്ഞേലി പറഞ്ഞു. മഴ മാറിയാല്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ജോസ് മൂഞ്ഞേലി കൂട്ടിച്ചേര്‍ത്തു.

Advertisement