തീയണക്കും ഈ റോബോട്ട് കാറുമായി എൻജിനീയറിംഗ് വിദ്യാർത്ഥികൾ

86

ചേർപ്പ്: നാട്ടിലെ അഗ്നിബാധമൂലo ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏങ്ങിനെ വേഗത്തിലാക്കാം എന്ന ചിന്തയാണ് ചേർപ്പ് മേഖലയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് മനുഷ്യന് നേരിട്ട് എത്താൻ സാധിക്കാത്ത സ്ഥലത്തേക്ക് തീയണക്കാനായി റോബോട്ട് കാർ വികസിപ്പിക്കാൻ പ്രചോദമായത്. കാറിൻ്റെ മാതൃകയിൽ സഞ്ചരിക്കുന്ന ഈ റോബോട്ട് തീയുള്ള ഭാഗത്തേക്ക് സഞ്ചരിച്ച് വെള്ളം സ്പ്രേ ചെയ്ത് തീ അണക്കും. മൊബൈൽ ആപ്പ് വഴി റോബോട്ട് കാറിൻ്റെ ചലനവും നിയന്ത്രിക്കാം. കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ബി ടെക്ക് മെക്കാനിക്കൽ വിദ്യാർത്ഥികളായ ചേർപ്പ് സ്വദേശി റമീസ് പി ബി, പഴുവിൽ സ്വദേശി പി എം നിഹാൽ, ചാഴൂർ സ്വദേശി നിഖിൽ പ്രേംലാൽ, കടങ്ങോട് സ്വദേശി മിദ്ലാജ് എ എസ് എന്നിവരാണ് റോബോട്ട് കാറിൻ്റെ ശിൽപ്പികൾ. സാങ്കേതിക സർവ്വകലാശാലയുടെ അവസാന വർഷ ബിടെക്ക് പ്രൊജക്റ്റിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഈ റോബോട്ടിനെ വികസിപ്പിച്ചത്. കാട്ടു തീ ഉണ്ടാകുന്ന സമയത്തും ഷോപ്പിങ്ങ് മോളുകൾ, കെട്ടിടങ്ങൾ എന്നിവടങ്ങളിലും തീയണക്കാൻ റോബോട്ട് കാർ പ്രയോജനപ്പെടുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. മോട്ടോറുകൾ ഉപയോഗിച്ചാണ് യന്ത്രത്തിൻ്റെ ടയറുകൾ പ്രവർത്തിക്കുന്നത്. ബാറ്ററി ഉപയോഗിച്ചാണ് മോട്ടോറുകൾ പ്രവർത്തിക്കുന്നത്. കോളേജിലെ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ എൻ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ അധ്യാപകരായ അരുൺ ലോഹിദാക്ഷൻ,രജ്ഞിത്ത് രാജ് എന്നിവരാണ് പ്രൊജക്റ്റ് ഗൈഡ് ചെയ്തത്. കേരള ഫയർ ആൻ്റ് റെസ്ക്യു അക്കാദമിക്ക് വിശദമായ റിപ്പോർട്ട് നൽകി ആവശ്യമായ മാറ്റങ്ങൾ ചെയ്തശേഷം നാട്ടിലെ ഫയർ സ്‌റ്റേഷനിലേക്ക് യന്ത്രം കൈമാറാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

Advertisement