വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി ഡോ . ആർ. ബിന്ദു

34
Advertisement

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിപ് മറിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.അനാഥരാകുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണം സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്. ഇവർക്കായി അധിവാസ വില്ലേജുകൾ തുടങ്ങുകയെന്നത് സർക്കാരിൻ്റെ ലക്ഷ്യങ്ങളിലൊന്നാണ്. സഹായ ഉപകരണ വിതരണം പ്രാഥമിക ഉത്തരവാദിത്തം മാത്രമാണെന്നും വലിയ ലക്ഷ്യങ്ങൾ ഇവർക്കായി കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് ഡയരക്ടർ ഷീബ ജോർജ് ഐ എ എസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെഎസ്എച്ച് പി ഡബ്ല്യു സി മാനെജിങ് ഡയരക്ടർ കെ.മൊയ്തീൻ കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൺ, ആളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ജോജോ, പഞ്ചായത്ത് അംഗം മേരി ഐസക് ടീച്ചർ, കെഎസ് എസ് എം എക്സി.ഡയരക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിപ്മർ ജീവനക്കാരുടെ വിഹിതത്തിൻ്റെ ചെക്ക് ചടങ്ങിൽ ഡോ. മുഹമ്മദ് അഷീൽ മന്ത്രിക്ക് കൈമാറി.എം. എ. ആഷിഖ്, സബിത സന്തോഷ്, ജെസിൽ ജലീൽ, എൻ.കെ. രാജപ്പൻ, നിവേദ്കുമാർ എന്നിവർ സഹായ ഉപകരണങ്ങൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

Advertisement