ടൈല്‍സ് വിരിക്കുന്നത് പൂര്‍ത്തിയായ ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ആല്‍ത്തറ ഭാഗം ബുധനാഴ്ച തുറന്നുകൊടുക്കും

75

ഇരിങ്ങാലക്കുട: ടൈല്‍സ് വിരിക്കല്‍ പൂര്‍ത്തിയാക്കിയ ഠാണ- ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് റോഡിലെ ആല്‍ത്തറ ഭാഗം ബുധനാഴ്ച തുറന്നുകൊടുക്കും. ആല്‍ത്തറയ്ക്ക് സമീപം റോഡിലെ ടൈല്‍സ് വിരിക്കുന്നത് പൂര്‍ത്തിയായതായി പൊതുമാരാമത്ത് വകുപ്പ് അറിയിച്ചു. എന്നാല്‍ ടൈല്‍സിന് അരുകുകള്‍ കോണ്‍ക്രീറ്റ് ഇട്ടിരിക്കുന്നതിനാല്‍ അത് സെറ്റായിട്ട് മാത്രമെ വാഹനങ്ങള്‍ കടത്തിവിടുകയൊള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മൂന്നുവര്‍ഷം മുമ്പ് രണ്ട് ലക്ഷം രൂപ ചിലവഴിച്ച് 135 മീറ്റര്‍ സ്‌ക്വയറിലാണ് അന്ന് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തിയത്. എന്നാല്‍ ടൈല്‍സ് ഇട്ട് അടിയന്തിരമായി ഗതാഗതത്തിന് തുറന്ന് കൊടുത്തതാണ് അവ താഴേയ്ക്ക് ഇരിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റോഡിന്റെ വടക്കുഭാഗത്തുകൂടെ കുടിവെള്ള പൈപ്പ് ലൈന്‍ പോകുന്നതിനാല്‍ റോഡ് റോളര്‍ ഉപയോഗിച്ച് മണ്ണ് ബലപ്പെടുത്താനും സാധിച്ചിരുന്നില്ല. ടൈലുകള്‍ താഴേയ്ക്കിരുന്ന് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ടൈല്‍സ് ഇളക്കി പുതിയത് സ്ഥാപിച്ചത്. രണ്ട് ദിവസം കൊണ്ട് ടൈല്‍സിടല്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ആല്‍ത്തറയ്ക്കു മുന്നില്‍ പൂര്‍ണ്ണ ഗതാഗതനിയന്ത്രണം നടപ്പിലാക്കിയതോടെ ഠാണ- ബസ് സ്റ്റാന്റ് റോഡിന് സമാന്തരമായ മറ്റ് റോഡുകളിലും ഇട റോഡുകളിലും രൂക്ഷമായ ഗതാഗതകുരുക്ക് രൂപപെടുന്നുണ്ട്.

Advertisement