മഹാകവി വൈലോപ്പിള്ളിയെ ഓർമ്മിക്കുമ്പോൾ

389

22-12-20 മഹാകവി വൈലോപ്പിള്ളി ചരമവാർഷികദിനം

മലയാള കവിതയുടെ സുവർണ്ണയുഗമേതെന്ന് ചോദിച്ചാൽ നിഷ്പ്രയാസം പറയാം ,ഉള്ളൂർ ,വള്ളത്തോൾ ,കുമാരനാശാൻ എന്നീ കവിത്രയങ്ങളുടെ കാലഘട്ടമെന്ന് .ഇവരിൽ നിന്ന് ഊർജ്ജവും ,വളവും വലിച്ചെടുത്ത് കാവ്യ സാധനയിലേർപ്പെട്ട് അനുവാചക ഹൃദയങ്ങളിൽ കുടിയേറിയവരാണ് ഇടശ്ശേരിയും ,വൈലോപ്പിള്ളിയും ,എൻ .വി കൃഷ്ണ വാരിയരും ,അക്കിത്തവും മറ്റും .ഇന്നത്തെപ്പോലെ നൈമിഷികാനന്ദഭൂതിയല്ലായിരുന്നു ഇവരെ സംബന്ധിച്ചിടത്തോളം കവിത
അമൃതിൻ മണമെന്റെ
ജീവനിൽ തളിച്ചിട്ടുണ്ടതിലൽപ്പമെൻ
പാട്ടിൽ വാറ്റുവാൻ കഴിഞ്ഞെങ്കിൽ….
അമൃതമായ ഓർമ്മയായി മരണത്തെ ജയിച്ച അനുഭവത്തിന്റെ ആകത്തുകയാണ് വൈലോപ്പിള്ളി കവിതയുടെ ജീവൻ .”ഏതെങ്കിലുമൊരാശയം മനസ്സിൻറെ അടിത്തട്ടിൽ ഊളിയിട്ടാൽ ഞാനൊരു പൊരുന്നൽ കോഴിയായി മാറുമെന്ന് ” , തൻറെ കവിതാ ശീലത്തെക്കുറിച്ച് കവി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .വൈലോപ്പിള്ളിയെ സംബന്ധിച്ചിടത്തോളം ദീർഘ തപസ്യയുടെ സാക്ഷാൽക്കാരമാണ് കവിതകളോരോന്നും .മാത്രമല്ല അനുവാചക മനസ്സിൽ ആയിരമായിരം അനുഭൂതികൾ സൃഷ്ടിക്കാനാവുമെന്ന് അദ്ധേഹത്തിന്റെ ‘കന്നിക്കൊയ്ത്ത് ‘ മുതൽ ‘മകരക്കൊയ്ത്ത് ‘ വരെ വിസ്തൃതമായ കാവ്യ വഴിത്താര വ്യക്തമാക്കുന്നു .മലയാളികൾക്ക് കൈമോശം വന്ന ഓണ സങ്കല്പത്തെക്കുറിച്ച് മറ്റാരും ഇത്രമാത്രം ഹൃദയ ദ്രവീകരണമായ ഭാഷയിൽ കാവ്യ സൃഷ്ട്ടി നടത്തിയിട്ടില്ല .അധികാരത്തിൻറെ മൂടുപടമിട്ട ‘വാമനന്മാർ ,നന്മയുടെ ,തുല്യതയുടെ പ്രതിരൂപമായ ‘മഹാബലി ‘ മാരെ എന്നും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിക്കൊണ്ടിരിക്കുന്ന പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുന്നു .ഈ അനീതിക്കെതിരെ തൂലിക ചലിപ്പിച്ച ,അദ്ദേഹത്തിന്റെ മാർഗ്ഗം പിന്തുടരാൻ ആരുമില്ലാതായിപ്പോയി എന്നതാണ് മലയാളത്തിൻറെ ദൗർഭാഗ്യം .’കടൽ കാക്കകൾ’ എന്ന കാവ്യസമാഹാരത്തിൽ കവി ജീവിതത്തിലെ മനോഹരമായ ചില മുഹൂര്തങ്ങൾക്ക് നിശ്ചല ദൃശ്യത്തിൻറെ ചാരുത പകർന്ന് നൽകിയിരിക്കുന്നു .ജീവിതത്തിൽ സുഖ -ദുഃഖങ്ങൾക്ക് തുല്യ പ്രാധാന്യം നൽകിയ കവിയെ നമുക്ക് ഇവിടെ കാണാം .താൻ എന്നും വേദനിക്കുന്നവന്റെയും ,ദുഃഖിതന്റെയും പക്ഷത്താണെന്ന് വ്യക്തമാക്കുന്ന മഹത്തായ കവിതകളിലൂടെ വൈലോപ്പിള്ളി തന്റെ മാനവികതക്ക് അടിവരയിടുന്നു .അനുഭവങ്ങളുടെ തീച്ചൂളയിലിട്ട് പാകപ്പെടുത്തിയ മാനസിക ഭാവങ്ങളുടെ യഥാർത്ഥമായ ആവിഷ്കാരം വൈലോപ്പിള്ളിയുടെ പ്രത്യേകതയാണ് .
” കൊള്ളാൻ വല്ലതുമൊന്ന് കൊടുക്കാ-
നില്ലാതില്ലൊരു മുൾച്ചെടിയും
ഉദയക്കതിരിനെ മുത്തും മാനവ-
ഹൃദയപ്പനിനീർ പൂന്തോപ്പിൻ “
കവിയുടെ ജീവിത ദർശനവും ,ഉൾക്കാഴ്ചയും ഈ വരികളിൽ സമഞ്ജസമായി സാമന്യയിപ്പിച്ചിരിക്കുന്നു .മുൾച്ചെടിയാണെന്ന് പുറമെ തോന്നുമെങ്കിലും ,ഏറെ സൗരഭ്യം വഴിഞ്ഞൊഴുകുന്ന ആത്മാർത്ഥമായ ഹൃദയം പാവങ്ങൾക്കുമുണ്ടെന്ന് കവി ബോധ്യപ്പെടുത്തുന്നു .
‘പട്ടുടുപ്പ് എന്ന കവിതയിൽ ,”മൃത്യുവിനെല്ലാം നൽകാം ദുഃഖവും വാത്സല്ല്യവും ,ക്ഷുദ്രമൊരുടുപ്പേകാൻ ജീവിതമസമർത്ഥം ” എന്ന് കവി കണ്ണീരുപ്പ് കലർത്തി പറയുന്നു .മകൻറെ നഷ്ടബോധത്താൽ ദുഖിതയായ അമ്മ – വൈലോപ്പിള്ളിയെ സംബന്ധിച്ചിടത്തോളം -തൻറെ മനസ്സിന്റെ അഗാതത തന്നെയെന്ന് പറയാം .’മാമ്പഴ’ ത്തിൽ നിറഞ്ഞ് നിൽക്കുന്ന ദുഃഖസ്‌മൃതി ,ഓർമ്മകളുയർത്തുന്ന ചലച്ചിത്രത്തിലെ നിശ്ചല ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന അനശ്വരമായ അനുഭൂതിയായി അനുവാചകനനുഭവപ്പെടുന്നു .മാത്രമല്ല മറ്റേതൊരു മലയാള കവിതക്കും സാധിക്കാത്ത ഔന്നത്യം നിഷ്പ്രയാസം മാമ്പഴത്തിലൂടെ മഹാകവി നേടിയെടുത്തിരിക്കുന്നു .സൗവർണ്ണ പ്രതിപക്ഷത്തിന്റെ ,അടിച്ചമർത്തപ്പെട്ടവന്റെ നാവായിത്തീരുകയാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിഞ്ഞ മഹാകവിയുടെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ അനശ്വരങ്ങളായ ആശയങ്ങൾക്ക് ഇന്ന് എന്തെന്നില്ലാത്ത പ്രസക്തി കൈവന്നിരിക്കുന്നു .ആരോടും പ്രതിബദ്ധതയില്ലാത്ത ഭരണ പ്രതിപക്ഷങ്ങൾ, ഉത്തരവാദിത്വബോധമില്ലാത്ത ജനങ്ങൾ ,പിന്നിട്ട വഴികൾ പൂർണ്ണമായി നഷ്ടപ്പെട്ട് മറവിരോഗത്തിന്റെ പൂക്കൾ വിരിയിക്കുന്ന പുത്തൻ തലമുറ ..സമകാലീന സമൂഹത്തിന്റെ നേർക്കാഴ്ചകളാണിതെല്ലാം .ജനാധിപത്യത്തിന്റെ പേരിലാണ് ഇതെല്ലാം അരങ്ങേറുന്നതും .ഇതിൽ നിന്നും മോചനം നേടണമെന്ന് വൈലോപ്പിള്ളിയുടെ മഹത്തായ ആശയങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു .
ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ പ്രധാന അദ്ധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്

എഴുതിയത് :ഉണ്ണികൃഷ്ണൻ കിഴുത്താണി

Advertisement