കാട്ടൂർ പഞ്ചായത്തിലെ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു

44

കാട്ടൂർ:തൃശ്ശൂർ ജില്ല പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചിലവഴിച്ചു കാട്ടൂർ പഞ്ചായത്തിലെ 14 ആം വാർഡിൽ പണികഴിപ്പിച്ച 68 ആം നമ്പർ “നിറവ്” അങ്കണവാടി കെട്ടിടം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് നാടിന് സമർപ്പിച്ചു.സംസ്ഥാനത്തെ ബാല സൗഹൃദ ജില്ല പഞ്ചായത്ത് എന്ന നിലയിൽ തൃശ്ശൂർ ജില്ല പഞ്ചായത്ത് കാട്ടൂർ പഞ്ചായത്തിൽ ഈ 5 വർഷ കാലയളവിൽ നിർമിച്ചു നൽകുന്ന രണ്ടാമത്തെ അങ്കണവാടി കെട്ടിടം ആണ് 14 ആം വാർഡിലേത്.അങ്കണവാടികൾക്കെല്ലാം സ്വന്തം കെട്ടിടം വേണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ സ്വപ്നം കൂടിയാണ് ഇന്ന് സാക്ഷാത്കരിച്ചത്.ഇതോടെ പഞ്ചായത്തിലെ 17 അങ്കണവാടികൾക്കും സ്വന്തം കെട്ടിടം ലഭ്യമായി. ഈ ഭരണ സമിതിയുടെ തുടക്കത്തിൽ 3 അങ്കണവാടികൾക്ക് കൂടി സ്വന്തം സ്ഥലവും കെട്ടിടവും കണ്ടത്തേണ്ടുന്ന ശ്രമകരമായ ലക്ഷ്യം ആയിരുന്നു ഏറ്റെടുത്തിരുന്നത്.ആദ്യം സ്ഥലം സ്വന്തമാക്കിയ 4 ആം വാർഡ് അങ്കണവാടിക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് തന്നെ ആവശ്യമായ തുക കണ്ടെത്താൻ ആയി.താരതമ്യേനെ തനത് ഫണ്ട് കുറവായ കാട്ടൂർ പഞ്ചായത്തിന് ബാക്കി 2 കെട്ടിടങ്ങൾ പണിയുക എന്നതും വളരെ ശ്രമകരമായിരുന്നു.തൃശൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും കാട്ടൂർ ഡിവിഷൻ മെമ്പർ കൂടിയായ എൻ.കെ.ഉദയപ്രകാശ് മുഖാന്തിരം ഈ ലക്ഷ്യം ജില്ല പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.ഇതോടെ കാട്ടൂർ പഞ്ചായത്ത് സമ്പൂർണ്ണ അങ്കണവാടി കെട്ടിട പഞ്ചായത്ത് ആയിമാറി.ഇന്ന് ഉച്ചക്ക് 2 മണിക്ക് നടന്ന ചടങ്ങിൽ വെച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് ഉൽഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ അമീർ തൊപ്പിയിൽ സ്വാഗതം പറയുകയും പഞ്ചായത്ത് സെക്രട്ടറി കെ.ആർ സുരേഷ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ,വാർഡ് മെമ്പർമാർ,വെൽഫെയർ കമ്മിറ്റി അംഗങ്ങൾ,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement