കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് ഭക്തിസാന്ദ്രമായി

67

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ തണ്ടികവരവ് ഭക്തിസാന്ദ്രമായി. കോവീഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു ഇത്തവണത്തെ തണ്ടിക വരവ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.45 ഓടെ ശംഖുവിളിയുടെ അകമ്പടിയോടെയാണ് ചാലക്കുടി പോട്ടയിലെ പ്രവൃത്തിക്കച്ചേരിയില്‍നിന്ന് തണ്ടിക പുറപ്പെട്ടത്. മേത്താള്‍ മടപ്പാട്ട് അപ്പുനായരുടെ നേതൃത്വത്തില്‍ വാളും പരിചയും കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായിട്ടായിരുന്നു തണ്ടിക കൊണ്ടുവന്നത്. മുന്‍ വര്‍ഷങ്ങളില്‍ പത്തര തണ്ട് നേന്ത്രക്കുലയാണ് തണ്ടികയായി എത്തിച്ചിരുന്നെങ്കില്‍ ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ അഞ്ചര തണ്ട് നേന്ത്രകുലയാണ് തണ്ടിക കെട്ടിയിരുന്നത്. കദളിക്കുല, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും തണ്ടികയായി ക്ഷേത്രത്തിലെത്തിച്ചു. 20 കിലോമീറ്ററോളം നടന്ന് വൈകീട്ട് അഞ്ചോടെ തണ്ടിക ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്തെത്തി. തുടര്‍ന്ന് നാദസ്വരമേളത്തോടെ പള്ളിവേട്ട ആല്‍ത്തറയിലെത്തിച്ചശേഷം അവിടെനിന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ, ദേവസ്വം ഭരണസമിതി അംഗം ഭരതന്‍ കണ്ടേങ്കാട്ടില്‍ എന്നിവര്‍ തണ്ടികയെ അനുഗമിച്ചിരുന്നു. തൃപ്പുത്തരി ദിവസമായ ശനിയാഴ്ച്ച രാവിലെ ഏഴരയ്ക്ക് അരിയും തിരിയും ചുമതലയുള്ള കോവൂരിന്റെ സാന്നിധ്യത്തില്‍ മൂസ്സിന്റെ മരുമകന്‍ അരിയളക്കും. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ എന്നിവ പുത്തിരിക്ക് നിവേദിക്കും. തന്ത്രി നകരമണ്ണില്ലത്ത് നമ്പൂതിരി പൂജയ്ക്ക് നേതൃത്വം നല്‍കും. എന്നാല്‍ എല്ലാവര്‍ഷവും ക്ഷേത്രം തെക്കേ ഊട്ടുപുരയിലും പടിഞ്ഞാറേ ഊട്ടുപുരയിലുമായി ഭക്തജനങ്ങള്‍ക്കായി നടക്കാറുള്ള തൃപ്പുത്തിരിസദ്യ ഇത്തവണ ഉണ്ടാകില്ല. ഞായറാഴ്ച രാവിലെ ആറിന് മുക്കുടി നിവേദ്യം നടക്കും. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി ഭക്തര്‍ക്ക് വിതരണം ചെയ്യില്ല.

Advertisement