മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസാരഥ്യം ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാരന്‍

274

ഇരിങ്ങാലക്കുട: മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസാരഥ്യം ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാരന്‍. കൊരുമ്പിശ്ശേരി സ്വദേശി തൈവളപ്പില്‍ മാക്കുണ്ണിയുടെ മകനായ ടി.എം ജഗദീഷാണ് കഴിഞ്ഞ 15ന് മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റത്. 2022 ഫെബ്രുവരി വരെയാണ് കാലാവധി. മറാത്തിക്കാരനായ നക്കാസെയായിരുന്നു ഇതുവരെ മുനിസിപ്പല്‍ ചെയര്‍മാന്‍. ആളെ മാറ്റിയാണ് ശിവസേന ജഗദീഷിനെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തത്. 2017ല്‍ നടന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേന പ്രതിനിധിയായി ധാരാവി ഡിവിഷനില്‍ നിന്നാണ് ജഗദീഷ് തിരഞ്ഞെടുക്കപ്പെട്ടത്. ദാദര്‍, മാഹിം, ധാരാവി, എന്നി നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മുംബെ നോര്‍ത്ത് കോര്‍പ്പറേഷനില്‍ 17 വാര്‍ഡുകളാണ് ഉള്ളത്. ശിവസേന സ്ഥാനാര്‍ഥിയായി കന്നി അങ്കത്തിനിറങ്ങിയ ജഗദീഷ് മഹാരാഷ്ട്രയിലെ ബി.ജെ.പി സെക്രട്ടറിയായ സഞ്ജയ് ഉപാധ്യായയെ 685 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് വിജയിച്ചത്. കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ജഗദീഷ് അടക്കമുള്ളവര്‍ ധാരാവിയില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശിവസേന നേതാവ് ബാല്‍താക്കറെയുമായും ഇപ്പോള്‍ മകന്‍ ഉദ്ദവ് താക്കറെയുമായി ജഗദീഷിന് വളരെ അടുത്ത ബന്ധമാണ്. 40 വര്‍ഷമായി മുംബെയില്‍ സ്ഥിരതാമസമാക്കി കോണ്‍ട്രാക്ട് ജോലികള്‍ ചെയ്തുവരുന്ന ജഗദീഷ് ഈ ഡിവിഷനിലെ ശിവസേന ശാഖാപ്രമുഖനാണ്. കോര്‍പ്പറേഷന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ജഗദീഷ് പറഞ്ഞു. ഗ്രീന്‍ സിറ്റി- ക്ലീന്‍ സിറ്റി ലക്ഷ്യമാക്കിയുള്ള വികസനമാണ് തന്റെ ലക്ഷ്യമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രാദേശിക വാദം ഉയര്‍ത്തിയിരുന്ന ശിവസേന വളരെയേറെ മാറിയതായും ഇപ്പോള്‍ മഹാരാഷ്ട്രയോട് ആത്മാര്‍ത്ഥത കാണിക്കുന്നവരെ അവര്‍ പിന്തുണയ്ക്കുമെന്നും താനടക്കമുള്ളവരെ ശിവസേന തിരഞ്ഞെടുപ്പില്‍ നിറുത്തി വിജയിപ്പിച്ചത് അതിന്റെ തെളിവാണെന്നും ജഗദീഷ് പറഞ്ഞു. 40 വര്‍ഷമായി ധാരാവിയില്‍ ഭാര്യ തുളസിക്കും മകന്‍ ആനന്ദിനുമൊപ്പമാണ് ജഗദീഷ് താമസിക്കുന്നത്.

Advertisement