ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വട്ടെഴുത്തിൽ ദേശീയ സെമിനാർ നടക്കുന്നു. തെക്കേ ഇന്ത്യയിൽ വ്യാപകമായി കൈകാര്യം ചെയ്തിരുന്ന ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. നിരവധി ശിലാശാസനങ്ങളും താളിയോലകളും ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചരിത്രം പുനർവായിക്കാൻ ഈ ലിപി പരിജ്ഞാനം വളരെ അത്യാവശ്യമാണ്. വട്ടെഴുത്തിലെ സമഗ്രഗവേഷണം ലക്ഷ്യമിട്ടുകൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാളവിഭാഗം മൈസൂർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ സഹകരണത്തോടെ ഒരു ദേശീയ സെമിനാറിന് തുടക്കം കുറിക്കുന്നു. ഒക്ടോബർ 20 മുതൽ ഏഴു ദിവസങ്ങളിലായി വൈകീട്ട് 5 മണിയ്ക്ക് നടക്കുന്ന സെമിനാർ ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബോൺ ജർമ്മനി, സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി, വിയന്ന, ലാറ്ററൻ യൂണിവേഴ്സിറ്റി ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധിപേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൈസൂർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിലെ ഡയറക്ടർ പ്രൊഫ. ശിവരാജപ്പ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശാ തെരേസ് അദ്ധ്യക്ഷത വഹിക്കും. മലയാളവിഭാഗം അദ്ധ്യക്ഷ ലിറ്റി ചാക്കോ മോഡറേറ്ററായിരിക്കും. സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുടയുടെ യൂട്യൂബ് ചാനലിലും പരിപാടി നടക്കുന്നു. താല്പര്യമുള്ളവർക്ക് [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.