നവകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈ ടെക്ക് ആയി മാറിയതിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 12 ന്

53

നവകേരള മിഷന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈ ടെക്ക് ആയി മാറിയതിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 12 ന് രാവിലെ 11 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും .വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ആശയത്തിലൂന്നിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി ഭൗതികവും, അക്കാദമികവും, സാമൂഹികവുമായ മേഖലകളിലെ വികസനം സാധ്യമാകുന്ന വിവിധ കര്‍മ്മ പരിപാടികളാണ് നടപ്പിലാക്കിയിട്ടുള്ളത്. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ — രാഷ്ട്രീയ — സാംസ്‌കാരിക — സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിവിധ സര്‍ക്കാര്‍ — സര്‍ക്കാരിതര ഏജന്‍സികള്‍ എന്നിവയുടെ കൂട്ടായ്മയിലൂടെ സമയബന്ധിതമായിട്ടാണ് ഈ വികസന പ്രവര്‍ത്തികള്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നിരവധി വികസന പ്രവര്‍ത്തികള്‍ നടന്നിട്ടുണ്ട്. നടവരമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര പദവിയിലേക്കുയര്‍ത്തുന്നതിനായി കിഫ്ബിയില്‍ നിന്നും അനുവദിച്ച 5 കോടി രൂപയും, എം. എല്‍. എ. ഫണ്ടില്‍ നിന്നും അനുവദിച്ച 1.70 കോടി രൂപയും ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു വരുന്നു. മാടായിക്കോണം പി. കെ. ചാത്തന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് യു. പി. സ്‌കൂളിന്റെ 1 കോടി രൂപയുടെയും വടക്കുംകര ഗവണ്മെന്റ് യു. പി. സ്‌കൂളിന്റെ 50 ലക്ഷം രൂപയുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് എല്‍. പി. സ്‌കൂളിന് അനുവദിച്ച 2.70 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് 1.25 കോടി, ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് 1 കോടി, ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് 1 കോടി, ആനന്ദപുരം ഗവണ്മെന്റ് യു. പി. സ്‌കൂളിന് 1 കോടി, കാട്ടൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് 1.53 കോടി എന്നിങ്ങനെ വിവിധങ്ങളായ ഫണ്ടുകളാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ 305 ക്ലാസ്സ് മുറികള്‍ 3.01 കോടി രൂപ ചെലവഴിച്ചു ഹൈ ടെക്ക് ക്ലാസ്സ് മുറികളാക്കി മാറ്റിയിട്ടുണ്ട്. കേരളം സമ്പൂര്‍ണ്ണ ഹൈ ടെക്ക് ആയി മാറുന്ന പ്രഖ്യാപനത്തോടൊപ്പം ഇരിഞ്ഞാലക്കുട നിയോജക മണ്ഡലവും സമ്പൂര്‍ണ്ണ ഹൈ ടെക്ക് ആയി മാറും ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈ സ്‌കൂളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍വച്ച് പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Advertisement