നഗരസഭ ബസ്സ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടതില്‍ പ്ലക്കാര്‍ഡുമായെത്തി എല്‍.ഡി.എഫ്

63

ഇരിങ്ങാലക്കുട: നഗരസഭ ബസ്സ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടതില്‍ പ്ലക്കാര്‍ഡുമായെത്തി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ പ്രതിഷേധം. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തിലാണ് എല്‍. ഡി. എഫ്. അംഗങ്ങള്‍ പ്ലക്കാര്‍ഡുമായെത്തി പ്രതിഷേധിച്ചത്. നാലു മാസത്തോളമായി കംഫര്‍ട്ട് സ്റ്റേഷന്‍ അടഞ്ഞു കിടക്കുകയാണന്നും നിരവധി തവണ ഭരണ നേത്യത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ബസ്സ് ഗതാഗതം പുനരാരംഭിച്ചതോടെ യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ദുരിതത്തിലാണന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കംഫര്‍ട്ട് സ്റ്റേഷനിലകത്തെ ടൈല്‍സ് പൊട്ടി പൊളിഞ്ഞ് ഉപയോഗശൂന്യമായ രീതിയിലാണന്നും എല്‍. ഡി. എഫ്. അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ 2009 വരെ സൗജന്യമായി ഉപയോഗിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിനെ അന്ന് അനൂകൂലിച്ച എല്‍. ഡി. എഫാണ് ഇപ്പോള്‍ പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ളതെന്ന് സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടത്തിനാണ് എല്‍. ഡി. എഫ്. ശ്രമിക്കുന്നതെന്ന് യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു പറഞ്ഞു. ഭരണ നേത്യത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാതെ എല്‍. ഡി. എഫ്. രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ എത്രയും വേഗം കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കണമെന്നും എം. ആര്‍. ഷാജു പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര നടപടി സ്വീരിച്ചു വരുന്നതായും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് പറഞ്ഞു. അടിയന്തിരമായി അറ്റകുറ്റപണി നടത്തി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറന്നു കൊടുക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.നഗരസഭയുടെ മുപ്പത്തിരണ്ടാം വാര്‍ഡില്‍ പി. ഡബ്ലു. ഡി. റോഡില്‍ നടന്ന കാന നിര്‍മാണം നിറുത്തി വക്കേണ്ട സാഹചര്യം വിശദമാക്കണെന്ന് എല്‍. ഡി. എഫ്. അംഗം കെ. ഡി. ഷാബു ആവശ്യപ്പെട്ടു. ചില വാര്‍ഡുകളില്‍ മാത്രം പി. ഡബ്ലു. ഡി. റോഡില്‍ നഗരസഭ ഫണ്ട് ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കുകയാണന്നും, തന്റെ വാര്‍ഡില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയില്ലെന്നും കെ. ഡി. ഷാബു. പറഞ്ഞു. ഇക്കാര്യത്തില്‍ നഗരസഭ രണ്ട് രീതിയാണ് നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി കുറ്റപ്പെടുത്തി. എന്നാല്‍ പ്രദേശവാസികള്‍ക്ക് ലഭിക്കേണ്ട സൗകര്യമാണ് ചില തല്‍പ്പരകക്ഷികളുടെ ഇടപടല്‍ മൂലം തടസ്സപ്പെട്ടതെന്ന് യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി ലഭിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാവുന്നതേയുള്ളുവെന്നും എം. ആര്‍. ഷാജു പറഞ്ഞു. പൊതുമരാമത്ത് അതിക്യതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.സ്പില്‍ ഓവര്‍ പദ്ധതികളും, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏറ്റെടുത്ത പദ്ധതികളും വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കി പദ്ധതി റിവിഷന്‍ ചെയ്യുന്ന വിഷയവും ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് വഴിവച്ചു. സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കായി സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ മുപ്പതു ശതമാനം അനുവദിച്ചത് പദ്ധതി പൂര്‍ത്തികരണത്തിന് ഭീമമായ സംഖ്യ നഗരസഭകള്‍ കണ്ടത്തേണ്ടി വരുമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ പദ്ധതി പണം ചിലവഴിക്കാതെ പതിനെട്ടു കോടിയോളം രൂപ നഷ്ടപ്പെടുത്തിയത് നഗരസഭ ഭരണ നേത്യത്വത്തിന്റെ വീഴ്ചയാണന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ ആരോപിച്ചു. കരാറുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാതെയിരുന്നതു മൂലം കരാറുകാര്‍ പണികള്‍ ഏറ്റെടുക്കാതിരുന്നതു മൂലവും, ട്രഷറി നിയന്ത്രണവും മറ്റുമാണ് പദ്ധതി പണം ചിലവഴിക്കാന്‍ കഴിയാതിരുന്നതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ചൂണ്ടിക്കാട്ടി. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയില്‍പ്പെട്ട മാടായികോണം വില്ലേജില്‍ ഉള്‍പ്പെട്ട ഭൂമി കൈവശം വച്ചവര്‍ക്ക് അനുവദിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട അജണ്ട ബി. ജെ. പി. അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Advertisement