വായന എന്ന വികാരം:ഉണ്ണികൃഷ്ണൻ കിഴുത്താണി

127
Advertisement

ജൂൺ 19 വായനാദിനം..ഉണ്ണികൃഷ്ണൻ കിഴുത്താണിയുടെ കുറിപ്പ് : കാലങ്ങളായി വായന ഒരു വികാരം ആക്കി മാറ്റിയവരാണ് മലയാളികൾ. ദിവസേന ഒരു പത്രമെങ്കിലും വായിക്കാത്തവർ വിരളമായിരിക്കും. അന്ന് നാട്ടിൻപുറത്തെ ചായക്കടകളെല്ലാം പത്ര പാരായണത്തിന്റെയും രാഷ്ട്രീയ ചർച്ചകളുടെയും സിരാകേന്ദ്രം ആയിരുന്നു. അടിമത്തത്തിനെതിരെ ശക്‌തിയുക്തം പട പൊരുതാനും അനീതിയെ അക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാനും മലയാളിയെ പ്രാപ്തനാക്കിയത് ഇതുപോലുള്ള കൂട്ടായ്മകൾ ആയിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലായ്മ ചെയ്യാൻ സമൂഹത്തെ പാകപ്പെടുത്തിയതും വായനയിലൂടെ വളർത്തിയെടുത്ത ഈ ശ്രേഷ്ഠ സംസ്കാരം തന്നെ ആയിരുന്നു. മനുഷ്യൻ മഹത്തായ പദം എന്നതിലുമുപരി മഹത്തായ പലതും നിർവഹിക്കാൻ നിയോഗിക്കപെട്ടവൻ ആണെന്ന വാസ്തവം ബോധ്യപെടുത്തിയതും അവിസ്മരണീയ വായനാനുഭവങ്ങൾ തന്നെയായിരുന്നു എന്ന് നിഷ്പ്രയാസം പറയാം.
വായിച്ചു വളർന്ന ഒരാളിന്റെ ഏതു പ്രവർത്തിയിലും സാംസ്കാരികമായ ഒരു ഔന്നിത്യം തെളിഞ്ഞു കാണാം. അതുകൊണ്ട് കുടുംബത്തിൽ നിന്ന് തന്നെ ആർജിക്കേണ്ടിയിരിക്കുന്നു വായനയുടെ മഹത്വം. സ്വാതന്ത്ര്യ സമ്പാദനാനന്തരം വിദ്യാഭ്യാസ സംബന്ധമായി നാം ഏറെ മുന്നേറി എന്നഭിമാനിച്ചാലും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അടിച്ചമർത്തലുകളും പൂർണമായി അനുഭവപ്പെടുത്തിയത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ അതിശക്തരായ തകഴി, കേശവദേവ്, എസ്. കെ. പൊറ്റക്കാട്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ്‌ ബഷീർ തുടങ്ങിയവരുടെ ശ്രദ്ധേയമായ കലാസൃഷ്ടികളിലൂടെ ആയിരുന്നു. കാലത്തിനനുസൃതമായ സാമൂഹിക മാറ്റത്തിന് കളം ഒരുക്കിയതും അക്ഷീണം പ്രവർത്തിച്ചതും പ്രധാനമായും സാഹിത്യ നായകർ തന്നെയായിരുന്നു.
അക്ഷരങ്ങൾക്ക് നാശമില്ലെങ്കിലും അഗ്നിയായി പടരുമെന്ന് പ്രവർത്തിച്ചു കാണിച്ചവരിൽ പ്രധാനിയായിരുന്നു പി. എൻ. പണിക്കർ. ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ കേരളത്തിലങ്ങോളം ‘ അക്ഷരജ്വാല’ ആയി വായനശാലകൾ സ്ഥാപിച്ച് വായനയുടെ പ്രാധാന്യം മനസിലാക്കി തന്ന അദ്ദേഹത്തെ ഓർമ്മിക്കാൻ കൂടി ജൂൺ 19 പ്രയോജനപ്പെടുത്തുന്നു. കാലഘട്ടങ്ങൾ മാറിമറിഞ്ഞു, കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർന്ന് വികസിച്ച് വിപ്ലവം സൃഷ്ടിച്ചെങ്കിലും പുസ്തകങ്ങളുടെ വില്പന വർധിച്ചു വരുന്നത് ശുഭോദകമാണ്. എന്തുതന്നെ ആയാലും വായനയിലൂടെ നമുക്ക് ലഭിക്കുന്നത് മാനസികമായ പുത്തൻ അവബോധവും സാംസ്കാരികമായ ഉന്നമനവുമാണ്. കോറോണയുടെ തടവറയിൽപെട്ടുഴലുന്ന ഈ അന്തരാളഘട്ടത്തിൽ സാന്ത്വനമായി മറ്റൊരു വായനാവസന്തം വിടർത്താൻ കഴിയട്ടെ !!!!!

ഉണ്ണികൃഷ്ണൻ കിഴുത്താണി

Advertisement