സിപിഐ(എം) ദേശീയ പ്രക്ഷോഭം: ഇരിങ്ങാലക്കുടയിൽ 650 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു

113

ഇരിങ്ങാലക്കുട:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി രണ്ട്‌ ലക്ഷം കേന്ദ്രങ്ങളിലായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ 650 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. ആദായനികുതിക്കു പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറുമാസത്തേയ്‌ക്ക്‌ നല്‍കുക, ഒരാള്‍ക്ക്‌ 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പുവേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക – നഗരങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, ജോലി ഇല്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക, ഇന്ധനവില വര്‍ദ്ധനവ്‌ പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്‌ സമരം സംഘടിപ്പിക്കുന്നത്‌. കൊവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില ദിവസേന വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പത്‌ ദിവസമായി തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു. ക്രൂഡ്‌ ഓയിലിന്റെ വില വന്‍തോതില്‍ കുറഞ്ഞപ്പോഴാണ്‌ തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ ജനങ്ങളെ കൊള്ളയടിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നത്‌. ബിജെപി സർക്കാരിന്റെ ഇത്തരം ജനദ്രോഹ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച സമരം ഇരിങ്ങാലക്കുടയിൽ ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. കെ.സി.പ്രേമരാജൻ അദ്ധ്യക്ഷനായി. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ, ആർ.എൽ.ശ്രീലാൽ, ജയൻ അരിമ്പ്ര, ശശി വെട്ടത്ത് എന്നിവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഇരിങ്ങാലക്കുട ഠാണാവിലും ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എ.മനോജ് കുമാർ കാട്ടൂർ, കെ.പി.ദിവാകരൻ മാസ്റ്റർ പുല്ലൂർ, കെ.എ.ഗോപി തുമ്പൂർ, കെ.കെ.സുരേഷ് ബാബു കിഴുത്താനി എന്നിവിടങ്ങളിൽ സമരം ഉദ്ഘാടനം ചെയ്തു.

Advertisement