മുരിയാട് പഞ്ചായത്ത് ക്വാറന്റൈൻ സെന്ററിൽ ഡ്യൂട്ടിചെയ്യുന്ന അദ്ധ്യാപകർക്ക് പഞ്ചായത്ത് അധികൃതരിൽ നിന്നും അനാസ്ഥയും ഭീഷണിയും യൂത്ത് കോൺഗ്രസ്‌ സമരത്തിലേക്ക്:ആരോപണം വാസ്തവ വിരുദ്ധമെന്ന് പഞ്ചായത്ത്

146
Advertisement

മുരിയാട് : ഗ്രാമപഞ്ചായത്തിലെ സിയോൺ ബിൽഡിംഗ്‌ൽ ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ ഡ്യൂട്ടിയിലുള്ള അദ്ധ്യാപകർക്ക് അസൗകര്യങ്ങളും വൃത്തിഹീനമായ സാഹചര്യങ്ങളും.കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ജോലിയിലുണ്ടായിരുന്ന അദ്ധ്യാപകന് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം വരെ ഉണ്ടായി. കുവൈറ്റിൽ നിന്നും വന്ന പ്രവാസി നേരിട്ട് ക്വാറന്റൈൻ സെന്ററിൽ എത്തുകയും മുൻകൂട്ടി അറിയ്ക്കാത്തതിനെ തുടർന്ന് അദ്ധ്യാപകൻ പ്രവാസിയുമായി ഇടപഴകുകയും അതിനുശേഷം അദ്ധ്യാപകന് നിരീക്ഷത്തിൽ പോകേണ്ട സാഹചര്യവും ഉണ്ടായി. ഇതെല്ലാം പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചപ്പോൾ എല്ലാം ശരിയാക്കാം എന്ന മറുപടി ആണ് ലഭിച്ചതെത്രെ. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കണമെന്നും കാണിച്ചു അധ്യാപകർ അധികൃതരെ സമീപിച്ചപ്പോൾ ഭീഷണിയും മോശമായ മറുപടികളും ആണ് ലഭിച്ചതെന്നും അവർ അറിയിച്ചു. ജോലിഭാരം കൂടുതലാണെന്നും കൂടുതൽ പേരെ ഡ്യൂട്ടിക്ക് കൂട്ടണം എന്ന് അറിയിച്ചിട്ടും നാളിതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നും സ്ത്രീകൾ ഉൾപ്പെടെഉള്ള അദ്ധ്യാപകർ ഡ്യൂട്ടിയിലുള്ള ഇവിടെ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം പോലും ഒരുക്കിയിട്ടില്ലന്നും അറിയിച്ചു.ഈ പ്രശ്നങ്ങൾക്ക് ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്‌ മുരിയാട് മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌, ജസ്റ്റിൻ ജോർജ്, എബിൻ ജോൺ എന്നിവർ സംസാരിച്ചു.എന്നാൽ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പഞ്ചായത്ത് .മുരിയാട് ഗ്രാമ പഞ്ചായത്തിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർക്ക് പ്രത്യേക ഫ്ലാറ്റില്‍ 2 റൂമും ശുചി മുറിയും ഉള്ളതാണ്. പ്രാഥമിക സൗകര്യങ്ങൾ ഇല്ല എന്ന തരത്തിൽ പ്രചരണത്തിലേർപ്പെടുന്നത് ദുരൂഹമാണ്. എല്ലാ വിധ സൗകര്യങ്ങളുമുള്ള ഈ കേന്ദത്തിൽ കഴിഞ്ഞ ദിവസം വിദേശത്തു നിന്നുള്ള ഒരു വ്യക്തി വന്നപ്പോൾ ഔദ്യോഗികമായി അറിയിപ്പു ലഭിച്ചില്ലെങ്കിലും അവിടെ പാർപ്പിക്കുകയുണ്ടായി. ആ വ്യക്തിയുമായി ഇടപഴകിയ അധ്യാപകന്റെ കോവിഡ് പ്രോട്ടോകോൾ ലംഘനം അദ്ദേഹത്തെ ക്വാറന്റീനിൽ പോകാനിടവരുത്തിയത് തികച്ചും ഒഴിവാക്കേണ്ടതായിരുന്നു. അവിടെ ശാരീരിക അകലം പാലിക്കുക എന്നത്‌ ലംഘിക്കപ്പെടുകയും ഫോൺ വാങ്ങി ഉപയോഗിക്കുകയും ചെയ്യുവാൻ ഇടവരികയുണ്ടായി. ആയത് ശ്രദ്ധക്കുറവ് കൊണ്ട് ഉണ്ടായ വീഴ്ചയാണ് ആയത് ഒഴിവാക്കേണ്ടതായിരുന്നു.ആയത് മറച്ച് വച്ച് പഞ്ചായത്ത് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. ഓരോ വ്യക്തിയും നമുക്ക് ഒഴിവാക്കാനാവാത്തവരാണ് അത് നിരീക്ഷണത്തിലുള്ളവരായാലും ഡ്യൂട്ടിയിലുള്ള അധ്യാപകരായാലും അവരുടെ ജീവനും കുടുംബവും സംരക്ഷിക്കുക എന്ന ഉയർന്ന ബോധത്തിലാണ് നമ്മുടെ പ്രവർത്തനങ്ങൾ നമ്മൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ നിലവാരത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ പ്രവർത്തനത്തെ അവഹേളിക്കുന്ന തരത്തിൽ നടക്കുന്ന തെറ്റായ പ്രചരണങ്ങളിൽ വീണു പോകരുതെന്ന് അഭ്യർത്ഥിക്കുന്നു വെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Advertisement