ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലി ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തിൽ PPE കിറ്റുകൾ നൽകി. വിദേശത്തുനിന്ന് മലയാളികൾ വന്നിറങ്ങുന്ന നെടുമ്പാശ്ശേരി വിമാനതാവളത്തോട് അടുത്തുള്ള സ്റ്റേഷൻ എന്നത് പരിഗണിച്ചാണ് അങ്കമാലി ഫയർസ്റ്റേഷൻ തിരഞ്ഞെടുത്തത്. കൊറോണ ബാധിത രാജ്യങ്ങളിൽനിന്ന് വന്നിറങ്ങുന്നവരുമായി അടുത്തിടപഴക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് ക്രൈസ്റ്റ് കോളേജിന്റെ ഈ ഉദ്യമം ഉപകാരപ്രദമായി. പതിനേഴ് PPE കിറ്റുകളാണ് കോളേജിന്റെ സാമൂഹ്യ സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, അധ്യാപകരായ അജീഷ് ജോർജ്, പി. ഡി. ടോമി, വി. പി. ആന്റോ, മുവിഷ് മുരളി, തവനിഷ് സെക്രട്ടറി സൂരജ് എന്നിവർ നേതൃത്വം നൽകി.
Advertisement