കോവിഡ്-19 പ്രതിസന്ധിയിലും 8 വയസ്സുകാരി ആദ്യക്കും കുടുംബത്തിനും ആശ്വാസമേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായമെത്തി

51
Advertisement

കാട്ടൂർ :രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് കഷ്ടത അനുഭവിക്കുകയും ഒടുവിൽ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്ത 8 വയസ്സുകാരി ആദ്യയുടെ ചികിത്സ ചിലവിലേക്ക് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ സഹായ പദ്ധതിയിലൂടെയുള്ള ധനസഹായമെത്തി.കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 7-ആം വാർഡിൽ പൊഞ്ഞനത്തു താമസക്കാരായ പുതിയാടാൻ അനു-വിനീഷ് ദമ്പതികളുടെ മകളായ ആദ്യയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ ഒക്ടോബറിൽ ആണ് ഇരിഞ്ഞാലക്കുട എം.എൽ.എ. അരുണൻ മാസ്റ്റർ മുഖാന്തിരം ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ നൽകിയത്.കുറച്ചു വർഷങ്ങളായി വൃക്ക രോഗം ബാധിച്ചിരുന്ന കുട്ടിക്ക് ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം എന്ന് പ്രമുഖ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി പ്രവേശിച്ച കുട്ടിക്ക് ആവശ്യമായ ഒരു വൃക്ക അച്ഛൻ തന്നെ നൽകാൻ തയ്യാറാവുകയായിരുന്നു. വൃക്ക നൽകുന്ന ആൾ പൂർണ്ണ ആരോഗ്യവാൻ ആയിരിക്കണം എന്നിരിക്കെ കഴിഞ്ഞ ഒക്ടോബറിൽ നടത്തേണ്ട ശസ്‌ത്രക്രിയ അച്ഛന് പനി ബാധിച്ചതുമൂലം ജനുവരിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജനുവരിയിൽ ശസ്ത്രക്രിയ നടത്തുകയും അതിന്റെ മുഴവൻ ചിലവിന്റെയും ബില്ലുകൾ എം.എൽ.എ. ഓഫീസ് വഴി സർക്കാരിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ആയി കഴിഞ്ഞ മാർച്ചിൽ തന്നെ ദുരിതാശ്വാസ നിധിയിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രങ്ങൾക്കിടയിലും കഴിഞ്ഞ മാസം പകുതിയോടെ തന്നെ 3 ലക്ഷം രൂപ കുട്ടിയുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുകയും ചെയ്തു.ശസ്ത്രക്രിയക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായ ആദ്യ, ലോക്ക്ഡൗൺ നിയന്ത്രങ്ങളെ തുടർന്ന് മാതാപിതാക്കളോടൊപ്പം ഇപ്പോളും ബാംഗ്ലൂരിൽ തന്നെയാണ് തുടരുന്നത്. നിയന്ത്രണങ്ങൾ മാറുന്നതോടെ ഇവർക്ക് സ്വവസതിയിൽ എത്തിച്ചേരാനാകും എന്ന് പ്രതീക്ഷിക്കുന്നു.സ്വന്തം മകൾക്ക് വൃക്ക ദാനം നൽകിയ വിനീഷും പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു.

Advertisement