അനധിക്യത നിര്‍മാണം നടപടി സ്വീകരിക്കുന്നതിനെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം

101

ഇരിങ്ങാലക്കുട :അനധിക്യത നിര്‍മാണം നടപടി സ്വീകരിക്കുന്നതിനെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് പൊറത്തിശ്ശേരി മേഖല പരിധിയില്‍ വരുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ അനധിക്യത നിര്‍മാണത്തില്‍ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച അജണ്ടയിലാണ് തര്‍ക്കം. അനധിക്യത നിര്‍മാണത്തെ അനുകൂലിക്കുന്നില്ലെങ്കിലും പ്രസ്തുത കെട്ടിടത്തിലെ വിഷയം വ്യക്തി വിരോധത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതാണന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. പട്ടണത്തിലെ പല സ്വകാര്യ സ്ഥാപനങ്ങളും നഗരസഭയുടെ കണ്‍മുന്‍പില്‍ അനധിക്യത നിര്‍മാണം നടത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഭരണ നേത്യത്വം പൊറത്തിശ്ശേരി മേഖലയില്‍ മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അനധിക്യത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയ കെട്ടിടത്തിനെതിരെ പോലും നടപടി സ്വീകരിക്കാത്ത നഗരസഭ ഭരണനേത്യത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് എല്‍. ഡി. എഫ.് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ ആരോപിച്ചു. സാധാരണക്കാരന്‍ ഒരു സെന്റ് ഭൂമിയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിക്കുന്നതെന്ന് ശിവകുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ ഉന്നയിച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചു വരുന്നതായും, എല്‍. ഡി. എഫ് അംഗങ്ങള്‍ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നതായും യു. ഡി. എഫ്. അംഗം അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. അനധിക്യത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ മറ്റ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി നീട്ടി കൊണ്ടു പോകാനാകില്ലെന്നും, ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് പറഞ്ഞു. അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചിട്ടുള്ളതാണന്നും, അജണ്ടയിലെ കെട്ടിട ഉടമക്ക് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും നിര്‍മാണ പ്രവ്യത്തികള്‍ ക്രമപ്പെടുത്തുവാന്‍ തയ്യാറായില്ലെന്നും സെക്രട്ടറി കെ. എസ്. അരുണും വിശദീകരിച്ചു. അനധിക്യത നിര്‍മാണം ആര് നടത്തിയാലും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും, മാപ്രാണത്തെ കെട്ടിട ഉടമക്കെതിരെ നഗരസഭ സ്വീകരിച്ച നടപടി തുടരുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചു.നഗരസഭയുടെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട പ്രിന്റിങ്ങ് പ്രവ്യത്തികള്‍ക്ക് ലഭിച്ച ക്വട്ടേഷന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയും എല്‍. ഡി. ഫ്. അംഗങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി. പ്രിന്റിങ്ങ് പ്രവ്യത്തികള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ ക്വട്ടേഷന്‍ വിളിച്ചതിനെ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ ചോദ്യം ചെയ്തു. ക്വട്ടേഷന്‍ നല്‍കിയ സ്ഥാപനങ്ങളുടെ പേര് അജണ്ടയില്‍ ഉള്‍പ്പെടുത്താതിരുന്നതും ചൂണ്ടിക്കാട്ടിയ ശിവകുമാര്‍ അജണ്ട മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അടിയന്തിരമായി പ്രിന്റ്ങ്ങ് പ്രവ്യത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നുവെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു ലക്ഷം രൂപയുടെ മുകളില്‍ വരുന്നവക്ക് മാത്രമാണ് ടെണ്ടര്‍ നല്‍കിയാല്‍ മതിയെന്നും, അതിനു താഴേ ക്വട്ടേഷന്‍ ക്ഷണിച്ചാല്‍ മതിയെന്നും സൂപ്രണ്ട് കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് എല്‍. ഡി. എഫ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് അജണ്ട പാസ്സാക്കിയത്.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ ഒകരു മാസത്തെ വാടക ഒഴിവാക്കി നല്‍കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭ വാടകക്ക് എട്ുത്തിട്ടുള്ള വാഹനങ്ങള്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തുടരുന്നതിനും കൗണ്‍സില്‍ യോഗം അനുമതി നല്‍കി. നഗരസഭയുടെ ഇരുപത്തിയേഴാം വാര്‍ഡില്‍ ബസ്സ് കാത്തിരുപ്പു കേന്ദ്രം നിര്‍മ്മിക്കുന്നതിന് ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുന്നത് ഇരുപത്തിയാറാം വാര്‍ഡിലാണന്നും തന്റെ അറിവോടെയല്ലന്നും ബി. ജെ. പി. അംഗം അമ്പിളി ജയന്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.

Advertisement