മുരിയാട് ഗ്രാമ പഞ്ചായത്തില്‍ കൊറോണ വ്യാപനം തടയുന്നതിന് അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നു.

109
Advertisement

മുരിയാട്: മുഖ്യമന്ത്രി ഇന്നേ ദിവസം രാവിലെ 11 മണിക്ക് Covid 19 സാഹചര്യം വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിന്റെ ലൈവ് സ്ട്രീമിംഗ് യോഗം നിരീക്ഷിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്തില്‍ നാളിതു വരെ രോഗം സ്ഥിരീകരിച്ചവര്‍ ആരും ഇല്ലെന്നും 63 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ആണെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. രോഗത്തിന്റെ വ്യാപനം തടയുന്നതിനായി ബ്രേക്ക് ദ ചെയിന്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ഹാന്‍ഡ് സാനിട്ടൈസര്‍ , മാസ്‌ക് എന്നിവ ലഭ്യമാക്കുന്നതിനും ആയതിനു വേണ്ട തുക പഞ്ചായത്ത് തനത് ഫണ്ട് / സ്‌പോണ്‌സര്‍ഷിപ് വഴി കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു. കൂടാതെ 20.03.20 നു 3 മണിക്ക് മുന്‍പായി വാര്‍ഡ് തല മോണിട്ടറിംഗ് സമിതികളുടെ യോഗം ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു ഹെല്‍ത്ത് ഇന്‍സ്‌പെക്ടരെ ചുമതലപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.പഞ്ചായത്തിന്റെ അടിയന്തിര പ്രാധാന്യമുള്ള വിവിധ അജണ്ടകള്‍ ഉണ്ടായിരുന്നു എങ്കിലും Covid 19 അടിയന്തിര സാഹചര്യം മനസ്സിലാക്കി മറ്റുള്ള അജണ്ടകള്‍ മാറ്റി വച്ച് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ യോഗം കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഒരു അജണ്ട മാത്രമാണ് ചര്‍ച്ച ചെയ്തത്. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തു കൊണ്ട് കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആശങ്ക അകറ്റുന്നതിനും പ്രതിരോധിക്കുന്നതിനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധസംഘടനകളും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ നടപ്പിലാക്കുന്നതിന് ഒരുമിച്ച് ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.