ഇരിങ്ങാലക്കുട ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കിയതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

182

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കിയതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കൗണ്‍സില്‍ യോഗത്തിനു ശേഷം ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവിനെ ചേംബറില്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ ഉപരോധിച്ചു, ഉപരോധം മണിക്കൂറുകള്‍ നീണ്ടു. കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കിയത് കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ ആരംഭിക്കുന്നതിനു മുന്‍പായി എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാറാണ് ബൈപ്പാസ്സ് റോഡിലെ കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കിയ വിഷയം ഉന്നയിച്ചത്. ഇതിലൂടെ അനതിക്യത നിര്‍മാണത്തിന് പ്രോത്സാഹനം നല്‍കുകുയാണ് നഗരസഭ ഭരണ നേത്യത്വമെന്ന് പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭയെ തന്നെ വെല്ലുവിളിച്ചാണ് സ്വകാര്യ വ്യക്തി കെട്ടിട നിര്‍മാണം നടത്തിയിട്ടുള്ളത്, ഇത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ നഗസഭ സെക്രട്ടറിക്കെതിരെ കെട്ടിടയുടമ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കിയതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവും, സെക്രട്ടറി കെ. എസ്. അരുണും വിശദീകരിച്ചു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കണമായിരുന്നുവെന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകൂമാര്‍, സി. സി. ഷിബിന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൗണ്‍സിലിന്റെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടയുടമ സൗജന്യമായി വിട്ടു നല്‍കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് കൗണ്‍സില്‍ യോഗം തീരുമാനിച്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കെട്ടിട നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കെട്ടിട നമ്പര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കെട്ടിടയുടമ കോടതിയെ സമീപിച്ചത്. ഇത്തരം വിഷയങ്ങള്‍ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും കെട്ടിടയുടമ സ്ഥലം കൈമാറുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് സെക്രട്ടറി കെ. എസ്. അരുണ്‍ വിശദീകരിച്ചു. വിശദീകരണത്തില്‍ ത്യപ്തരാകാതിരുന്ന എല്‍. ഡി. എഫ്. അംഗങ്ങള്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു. മാത്രമല്ല കെട്ടിടയുടമ വിട്ടു നല്‍കിയ സ്ഥലം നഗരസഭ ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇരു വിഭാഗവും തമ്മില്‍ വാഗ്വാദം തുടരുന്നതിനിടയില്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. തുടര്‍ന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, യു. ഡി. എഫ്. അംഗം അഡ്വ വി. സി. വര്‍ഗീസ് എന്നിവര്‍ എല്‍. ഡി. എഫ്. അംഗങ്ങളുമായി സംസാരിച്ചെങ്കിലും എല്‍. ഡി. എഫ്. പ്രതിഷേധത്തില്‍ നിന്നും പിന്മാറിയില്ല. വിട്ടു നല്‍കിയ ഭൂമിയിലെ മതില്‍ പൊളിച്ചു മാറ്റിയിട്ടില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചതോടെ മതില്‍ പൊളിച്ചു നീക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍ദ്ദേശിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് നിലപാടില്‍ യു. ഡി. എഫ്. അംഗങ്ങളും ഉറച്ചു നിന്നു. ഇതോടെ പി. വി. ശിവകുമാറിന്റെ നേത്യത്വത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പതിനൊന്നു മണിക്കാരംഭിച്ച കൗണ്‍സില്‍ യോഗം ഒന്നര മണിക്കു എല്‍. ഡി. എഫ്. ഇറങ്ങിപ്പോകുമ്പോഴും അജണ്ടയിലേക്ക് കടന്നിരുന്നില്ല. എല്‍. ഡി. എഫ്. അംഗങ്ങള്‍ ഇറങ്ങിപ്പോയതോടെ അജണ്ടകള്‍ പാസ്സായതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു.അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി പ്രകാരം നായ്ക്കളുടെ വന്ധീകരണത്തിനായി ഇരിങ്ങാലക്കുട നഗരസഭ ജില്ലാ മിഷന് പണം നല്‍കിയെങ്കിലും, നല്‍കിയ പണത്തിനുള്ള നായ്ക്കളുടെ വന്ധീകരണം നടത്തിയിട്ടില്ലെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബി. ജെ. പി. അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി കൗണ്‍സില്‍ യോഗത്തില്‍. നായ്ക്കളെ പിടിച്ചു കൊണ്ടു പോയി വന്ധീകരിച്ച് തിരിച്ചു കൊണ്ടു വിടുന്ന പദ്ധതയില്‍ കൗണ്‍സിര്‍മാരെയോ, നഗരസഭ ഉദ്യോഗസ്ഥരെയോ അറിയിച്ച് നായ്ക്കളെ പിടിച്ചിട്ടില്ലെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പറഞ്ഞു. ജില്ലാ മിഷന്‍ നല്‍കുന്ന കണക്കും, നഗരസഭയിള്ള കണക്കും വ്യത്യസ്തമാണ് സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതു സംബന്ധിച്ച് മുനിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ വിളിച്ചു വരുത്തി സംസാരിച്ചിരുന്നതായും നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോര്‍ഡിനേറ്റര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് പറഞ്ഞു. നഗഗരസഭ നല്‍കുന്ന കണക്കനുസരിച്ച് ബാക്കിയുള്ള നായ്ക്കളെ പിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് കോര്‍ഡിനേറ്റര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌നു ഉറപ്പു നല്‍കിയതായും കുരിയന്‍ ജോസഫ് പറഞ്ഞു.

Advertisement