റവന്യൂ പണിമുടക്ക് സര്‍ക്കാര്‍സേവനങ്ങളെസാരമായി ബാധിച്ചു

57

ഇരിങ്ങാലക്കുട. കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ( KRDSA ) സംസ്ഥാനത്ത് ആഹ്വാനം ചെയ്ത റവന്യൂവകുപ്പിലെ പണിമുടക്ക്, മുകുന്ദപുരം താലൂക്ക് മേഖലയില്‍ സര്‍ക്കാര്‍ സേവനങ്ങളെ സാരമായി ബാധിച്ചു.മൊത്തം റവന്യൂ ജീവനക്കാരായ 232 പേരില്‍ 161 പേരും ജോലിക്കെത്തിയില്ല. താലൂക്ക് പരിധിയിലെ 28 വില്ലേജ് ഓഫീസുകളിലെ 15 വില്ലേജ് ഓഫീസുകളും ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാനായില്ല.ഇരിങ്ങാലക്കുട,മനവലശ്ശേരി,കടുപ്പശ്ശേരി,പൂമംഗലം,പറപ്പൂക്കര,പുത്തന്‍ചിറ,നെന്മണിക്കര,കൊറ്റനല്ലൂര്‍,തൊട്ടിപ്പാള്‍,
ആമ്പല്ലൂര്‍,കല്ലൂര്‍,ചെങ്ങാലൂര്‍,തൊറവ്,തെക്കുംകര,വള്ളിവട്ടം എന്നീ വില്ലേജ് ഓഫീസുകളാണ്പ്ര വര്‍ത്തിക്കാതിരുന്നത്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വകുപ്പിലെ 70 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായില്ല.താലൂക്ക് ഓഫീസിലെ മൊത്തം 76 ജീവനക്കാരില്‍ 46 പേര്‍ ജോലിക്കെത്തിയില്ല.റവന്യൂ ഡിവിഷന്‍ ഓഫീസലെ 23 പേരില്‍ 20 പേരും ലാന്റ് ട്രിബ്യൂണലിലെ 9 പേരില്‍ 5 പേരും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസുകളിലെ 9 പേരില്‍ 8 പേരും ജോലിക്കെത്തിയില്ല.28 വില്ലേജ് ഓഫീസുകളിലായി 115 ജോലിക്കാരുള്ളതില്‍ 82 പേരും ജോലിക്ക് ഹാജരായില്ല.വില്ലേജ് ഓഫീസുകളില്‍ അധിക തസ്തിക സൃഷ്ടിച്ച് ഫ്രണ്ട് ഓഫീസ് ആരംഭിക്കുക, ദുരന്ത നിവാരണത്തിനും ഇലക്ഷന്‍ നടത്തിപ്പിനും ആവശ്യമായ ജീവനക്കാരെ നിയമിച്ച് അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുക,വില്ലേജ് ഓഫീസര്‍മാര്‍ക്ക് നാലൂ വര്‍ഷം മുമ്പ് നിശ്ചയിക്കപ്പെട്ട ശമ്പളം ഇപ്പോഴും നല്‍കാത്ത സ്ഥിതിക്ക് പരിഹാരമുണ്ടാക്കുക,വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്കും ഓഫീസ് അറ്റന്റുമാര്‍ക്കും അര്‍ഹമായ പ്രൊമോഷന്‍ ലഭിക്കത്തക്കവിധം സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കുക, ഓഫീസുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക,മെച്ചപ്പെട്ട ജോലി സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിയ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ്.പ്രസിഡണ്ട്എ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍.ഡി.എസ്.എ താലൂക്ക് പ്രസിഡണ്ട് ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ചു. എം.കെ.ജിനീഷ്,കെ.ജെ.ക്ലീറ്റസ്, എം.എസ്.അല്‍ത്താഫ്, ടി.ജെ.സാജു, കെ.ആര്‍.പൃഥ്വിരാജ്, വി.അജിത്ത്കുമാര്‍, ജി.പ്രസീത, പി.എസ്.ബിജി, കെ.കെ.സിന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement