സര്‍ക്കാര്‍ നല്കുന്ന സ്വരാജ് ട്രോഫി തൃശ്ശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിന്

144

ഇരിങ്ങാലക്കുട: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്വരാജ് ട്രോഫി തൃശ്ശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിന് ലഭിച്ചു. അളഗപ്പനഗര്‍ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. 10 ലക്ഷം രൂപയും ശിലാഫലകവും അടങ്ങുന്നതാണ് സ്വരാജ് ട്രോഫി പുരസ്‌കാരം. പദ്ധതി ചിലവിലും നികുതി പിരിവിലും നൂറു ശതമാനം നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതാണ് പഞ്ചായത്തിന് സ്വരാജ് ട്രോഫിക്ക് അര്‍ഹമാക്കിയത്. ഈ മാസം 19 ന് വയനാട് വച്ച് നടക്കുന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും. സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായുള്ള പദ്ധതികളില്‍ മുന്നേറ്റം നടത്തിയതും,തരിശ് രഹിത പൂമംഗലം പദ്ധതി,ആരോഗ്യരംഗത്ത് പൊതു പങ്കാളിത്തത്തോടെ പാലിയേറ്റീവ് രോഗികള്‍ക്കായി നടപ്പിലാക്കിയ സുകൃതം പദ്ധതി, ഗ്രീന്‍ പൂമംഗലം ക്ലീന്‍ പൂമംഗലം പദ്ധതി, വിദ്യാഭാസ രംഗത്ത് പൊതുവിദ്യാലയങ്ങളില്‍ വേള്‍ഡ് ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതി എന്നിവ അവാര്‍ഡിന് അര്‍ഹമാകുവാന്‍ കാരണമായതായി പ്രസിഡണ്ട് വര്‍ഷ രാജേഷ്, വൈസ് പ്രസിഡണ്ട് ഇ.ആര്‍. വിനോദ് എന്നിവര്‍ അറിയിച്ചു.
ജോസ് മൂഞ്ഞേലി പ്രസിഡണ്ടും ഹരി ഇരിങ്ങാലക്കുട സെക്രട്ടറിയുമായിരിക്കു മ്പോഴാണ് 2011-12ല്‍ ആദ്യമായി പൂമംഗലത്തിന് സ്വരാജ്് ട്രോഫി കരസ്ഥമായത്. തുടര്‍ന്ന് 2013-14, 2015-16, 2016-17 എന്നീ വര്‍ഷങ്ങളിലും പൂമംഗലം പഞ്ചായത്ത് സ്വരാജ് ട്രോഫി നേടിയിരുന്നു. ഈ ഭരണസമിതിയുടെ കാലഘട്ടത്തില്‍ രണ്ടാം തവണയാണ് പൂമംഗലം പഞ്ചായത്ത് മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നേടുന്നത്.

Advertisement