ഗ്രീന്‍ പുല്ലൂരിന് മറ്റൊരു പൊന്‍തൂവല്‍ – പുല്ലൂരില്‍ കാര്‍ഷിക സേവന കേന്ദ്രം വരുന്നു

162
Advertisement

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക സേവന കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയില്‍ സ്ഥാപിക്കുന്ന കാര്‍ഷിക സേവന കേന്ദ്രം ഇരിങ്ങാലക്കുട ബ്ലോക്കില്‍ പെട്ട പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴിലായിരിക്കും. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കൊടുത്ത പദ്ധതി രേഖ അംഗീകരിച്ച് കൊണ്ട് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കി.പുല്ലൂര്‍ പുളിഞ്ചോട്ടില്‍ പാട്ടത്തിനു എടുത്ത ഒന്നര ഏക്കര്‍ സ്ഥലത്താണ് കാര്‍ഷിക സേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബയോ ഫാര്‍മസി, കാര്‍ഷിക വിപണന കേന്ദ്രം, നഴ്‌സറി, ഗ്രീന്‍ ഹൗസ്, ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ യാര്‍ഡ്, കാര്‍ഷിക സേന, മാതൃക പച്ചക്കറി തോട്ടം തുടങ്ങിയവ കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഉണ്ടായിരിക്കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സമിതി ആണ് കാര്‍ഷിക സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ബാങ്ക് പ്രസിഡന്റ് കോ-ചെയര്‍മാനും സഹകരണ അസിസ്റ്റന്റ് റെജിസ്ട്രാറും കണ്‍വീനറുമായി ബ്ലോക്ക് അതിര്‍ത്തിയിലെ പഞ്ചായത്ത് പ്രെസിഡന്റുമാര്‍, പ്രാഥമിക സഹകരണ പ്രെസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍, എ.ഡി.എ., ബി.ഡി.ഓ., പുല്ലൂര്‍ ബാങ്കിന്റെ സെക്രട്ടറി, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റി ആണ് കാര്‍ഷിക സഹകരണ കേന്ദ്രത്തിനെ നിയന്ത്രിക്കുക. മോണിറ്ററിങ് കമ്മിറ്റിയുടെ പ്രാഥമിക യോഗം പുല്ലൂര്‍ സഹകരണ ഹാളില്‍ വച്ച് ചേര്‍ന്നു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ അസിസ്റ്റന്റ് റെജിസ്ട്രാര്‍ ആമുഖ പ്രഭാഷണം നടത്തി. മോണിറ്ററിങ് കമ്മിറ്റി യോഗം മാര്‍ച്ച് മാസം മധ്യത്തോടു കൂടി കാര്‍ഷിക സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ തീരുമാനിച്ചു.

Advertisement