കോടതി നടപടിയിലൂടെ കൊയ്‌ത്തെന്ന ഗതികേട് ഒഴിവാക്കപ്പെടേണ്ടതാണ് : വാക്‌സറിന്‍ പെരെപ്പാടന്‍

105

ഇരിങ്ങാലക്കുട : കര്‍ഷകരെ കോടതി കയറ്റി ഇറക്കി കൃഷി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയകള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിരിക്കുന്നത് ആശാവഹമാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. തുമ്പൂര്‍ കണ്ണുകെട്ടിച്ചിറ പാടശേഖരത്തിലെ കുറുവ നെല്‍കൊയ്ത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാടശേഖങ്ങളിലേക്ക് കാര്‍ഷികയന്ത്രങ്ങള്‍ ഇറക്കുന്ന കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന അവസ്ഥ മേലില്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടുന്ന നടപടികള്‍ വേളൂക്കര കൃഷിഭവന്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിതച്ചത് കൊയ്യാനായില്ലെങ്കില്‍ കൃഷിഭവന്‍ ഉപരോധിക്കുമെന്ന് എല്‍.വൈ.ജെ.ഡി. പ്രഖ്യാപിച്ചിരുന്നു. പാടഭൂമിയിലേക്ക് കാര്‍ഷികയന്ത്രങ്ങള്‍ ഇറക്കാനായി പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ റാംപിലുണ്ടായിരിക്കുന്ന കയ്യേറ്റം അടിയന്തിരമായി ഒഴിപ്പിച്ച്, റാംപിന്റെ വീതി 350 സെ.മീ. ആക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന്‍മേല്‍, കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുമെന്ന് വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍ പറഞ്ഞു.
കൃഷി ചെയ്യാനായി വയല്‍ ആവശ്യപ്പെട്ട് കൊണ്ട് കര്‍ഷകര്‍ അപേക്ഷ നല്‍കിയാല്‍, തരിശ് കിടക്കുന്ന വയലുകള്‍ പിടിച്ചെടുത്ത് കൃഷി നടത്തുവാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ കൃഷിഭവന്‍ തയ്യാറാണെന്ന് അസി. കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി കര്‍ഷകരെ അറിയിച്ചു.
പാടശേഖര സമിതി സെക്രട്ടറി ടോം കിരണ്‍, ജൈവകര്‍ഷകരായ കെ.വി.അരവിന്ദാക്ഷന്‍, രാജേഷ് കുറുപ്പത്തു കാട്ടില്‍ തുടങ്ങിയവര്‍
സംസാരിച്ചു.

Advertisement