ദേശീയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

90

ഇരിങ്ങാലക്കുട : ദേശീയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, വിയോജിപ്പുമായി ബി. ജെ. പി. അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി, ബില്‍ കീറിയെറിഞ്ഞ് ഭരണകക്ഷിയംഗത്തിന്റെ പ്രതിഷേധം. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തിലാണ് യു. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. എ. അബ്ദുള്‍ ബഷീര്‍ പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തൂസൂക്ഷിക്കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ടെന്നും, ഭരണഘടന സംരക്ഷിക്കുന്നതിനും, ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് അവസാന നിമിഷം വരെ പോരാടണമെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി. എ. അബ്ദുള്‍ ബഷീര്‍ പറഞ്ഞു. എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ പ്രമേയത്തെ പിന്താങ്ങി. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വെട്ടിമുറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ യു. ഡി. എഫ്. അംഗം അഡ്വ വി. സി. വര്‍ഗീസ് ബില്‍ കീറി പ്രതിഷേധിച്ചു. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുവാന്‍ മുനിസിപ്പല്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പറഞ്ഞു. തുടര്‍ന്ന് പ്രമേയത്തെ എതിര്‍ത്ത് ബി. ജെ. പി. അംഗങ്ങളായ സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രമേയം പാസ്സായതായി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചു. ……….

നഗരസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിളിക്കാത്തതിനെ എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ വിമര്‍ശിച്ചു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രത്യേക യോഗം ചേരാമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചിരുന്നതായി ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ഈ മാസം ാൊഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേരുമെന്ന് യോഗത്തെ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചു. പൊറത്തിശ്ശേരി മേഖല കാര്യാലയത്തിലെ മുറി ലേലം ചെയ്തത് റദ്ദാക്കാനുള്ള അജണ്ട സംബന്ധിച്ച് എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നു. ലേലം റദ്ദാക്കാനാവില്ലെന്ന് എല്‍. ഡി. എഫ് അംഗങ്ങളായ എം. സി. രമണന്‍, ക്യഷ്ണകുമാര്‍, പി. സി. മുരളീധരന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി എഞ്ചിനിയറിങ്ങ് വിഭാഗം കത്ത് നല്‍കിയതിനാലാണ് ലേലം റദ്ദാക്കാന്‍ ആവശ്യുപ്പെടുന്നതെന്ന് ഭരണകക്ഷിയംഗങ്ങളായ കുരിയന്‍ ജോസഫ്, അഡ്വ വി. സി. വര്‍ഗീസ് എന്നിവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അറ്റകുറ്റപണിക്ക് ശേഷം ലേലം ചെയ്തവര്‍ക്ക് മുറി അനുവദിക്കണമെന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാര്‍, സി. സി. ഷിബിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അറ്റകുറ്റപണിക്കു ശേഷം മുറി വീണ്ടും ലേലം ചെയ്യണമെന്ന് ഭരണകക്ഷിയംഗങ്ങള്‍ വാദിച്ചു. തുടര്‍ന്ന് എഞ്ചിനിയറിങ്ങ് വിഭാഗം വീണ്ടും പരിശോധന നടത്തിയ ശേഷം അടുത്ത യോഗത്തില്‍ അജണ്ട പരിഗണിക്കുന്നതിനായി മാറ്റിവച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ……….

Advertisement