ന്യൂനപക്ഷ പദവി വെറും കടലാസില്‍;ക്രൈസ്തവര്‍ അവഗണിക്കപ്പെടുന്നു : ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

91

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഭരണഘടനയും കേരളസംസ്ഥാന നിയമങ്ങളും ന്യൂനപക്ഷ പദവി നല്‍കിയിട്ടും കേരളത്തില്‍ ക്രൈസ്തവ സമൂഹം എന്നും അവഗണനയിലാണെന്നും പദവികള്‍ വെറും കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുന്നതാണന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പതിനഞ്ചാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാം സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ് കണ്ണൂക്കാടന്‍. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം നഗ്‌നമായി ലംഘിക്കപ്പെടുന്നുണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടികളും ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു.രൂപത ഭവനത്തില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ് സെമിനാരി പ്രഫസര്‍ റവ. ഡോ. മൈക്കിള്‍ വട്ടപ്പാലം ‘ദൈവവിളി പ്രോത്സാഹനം’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. ഇടവകകളിലും ഫൊറോനകളിലും ചര്‍ച്ചചെയ്ത വിഷയങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി ആനി ഫെയ്ത്ത് അവതരിപ്പിച്ചു. തുടര്‍ന്ന് രണ്ടു പ്രമേയങ്ങള്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ഒന്നടങ്കം പാസാക്കി. ന്യൂനപക്ഷ വിവേചനത്തിനെതിരെയുള്ള പ്രമേയം അഡ്വ. ഹോബി ജെ. ആഴ്ചങ്ങാടനും ചര്‍ച്ച് ആക്ടിനെതിരെയുള്ള പ്രമേയം അഡ്വ. പോളി ജെ. അരിക്കാട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു.ലോഗോസ് പ്രതിഭകളായ മെറ്റില്‍ഡ ജോണ്‍സന്‍ (ആളൂര്‍), ബെനറ്റ് പീറ്റര്‍ (ദയാനഗര്‍), ടോണി റ്റി. ബേബി (പോട്ട), മേഴ്സി ജോര്‍ജ് ആളൂക്കാരന്‍ (ചാലക്കുടി ഫൊറോന) എന്നിവരെ ആദരിക്കുകയും മിഷന്‍ ഞായര്‍ 2019 ലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തുകയും ചെയ്തു. ഗ്രൂപ്പ് ചര്‍ച്ചയ്ക്കും റിപ്പോര്‍ട്ട് അവതരണത്തിനും ശേഷം ക്രിസ്തുമസ് ആഘോഷപരിപാടികളും ഉണ്ടായിരുന്നു.രാവിലെ ഹോളിഫാമിലി സന്യാസിനികളുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. പേരാമ്പ്രയിലെ ലിയോബ സിസ്റ്റേഴ്സ് ആരാധന നടത്തി. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി സ്വഗതവും സെക്രട്ടറി റവ. ഫാ. ജെയ്സന്‍ കരിപ്പായി നന്ദിയും അര്‍പ്പിച്ചു. പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറി ടെല്‍സന്‍ കോട്ടോളി അവതരിപ്പിച്ചു. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ള, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

Advertisement