കുട്ടികളുമായുള്ള ബൈക്ക് യാത്രയ്ക്ക് നിയമ വ്യക്തത വേണം : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

304

ഇരിങ്ങാലക്കുട : കുട്ടികളുമായുള്ള ബൈക്ക് യാത്ര നിയമവിരുദ്ധവും അപകടം സംഭവിച്ചാല്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കൊലപാതക കുറ്റം വരെ ചുമത്താം എന്ന് പോലീസ് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ എച്ച്.ആര്‍.സി. കേസെടുത്തു.രണ്ട് സീറ്റ് വാഹനമായ മോട്ടോര്‍ സൈക്കിളില്‍ മാതാവിനോടും പിതാവിനോടുമൊപ്പം കുട്ടി സഞ്ചരിക്കുമ്പോള്‍ അത് ഓവര്‍ ലോഡ് ആയി പരിഗണിച്ച് സുരക്ഷയില്ലാത്ത യാത്രയ്ക്ക് കേസ്സെടുക്കാം, ഇതേ സാഹചര്യത്തില്‍ കുട്ടിയുമായി യാത്ര ചെയ്ത് അപകടം പറ്റുമ്പോള്‍ കോടതി ബൈക്ക് യാത്രികര്‍ക്ക് നഷ്ടപരിഹാരം നല്‍കി വരുന്നുമുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തിയ്ക്ക് കോടതി അനുകൂല വിധി നല്‍കില്ല അതിനാല്‍ കുട്ടിയെ ബൈക്കില്‍ കൊണ്ട് പോകാമെന്ന് തൃശ്ശൂര്‍ ആര്‍.ടി.ഓഫീസ് അവകാശപ്പെടുന്നു.കാറില്‍ കുട്ടിയുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മോട്ടോര്‍ വാഹനച്ചട്ടത്തില്‍ കുട്ടികളെ ബൈക്കില്‍ കൊണ്ട് പോകാം എന്നോ പാടില്ല എന്നോ വ്യക്തമായി പറയാത്തതിനാല്‍, ഇന്ത്യന്‍ സാഹചര്യത്തിലെ സ്വഭാവിക നീതിയായി പരിഗണിച്ച് യാത്ര അനുവദിക്കുയാണ് പതിവ് എന്ന് ഇരിഞ്ഞാലക്കുട വെഹിക്കിള്‍ ഇന്‍സ്‌പെടര്‍ പറഞ്ഞു.അധികാരികളുടെ ഇംഗിതത്തിനനുസരിച്ച് വളച്ചൊടിക്കാന്‍ സാഹചര്യമൊരുക്കാത്ത തരത്തില്‍ നിയമത്തില്‍ വ്യക്തത വരുത്തണമെന്നും കുട്ടിയെ ബൈക്കില്‍ കൊണ്ട് പോകാന്‍ അനുവദിച്ചാല്‍ സുരക്ഷ എങ്ങിനെ പാലിക്കണം എന്നോ അല്ലെങ്കില്‍ അനുവദനീയമല്ല എന്നോ വ്യക്തത വരുത്തി ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തി കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുമ്പോഴാണ് ഈ ശിശുദിനം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ പരാതിയുമായി ഹൈകോടതിയേയും നിയമനിര്‍മ്മാണ സഭയേയും എല്‍.വൈ.ജെ.ഡി. സമീപിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Advertisement