നമ്പ്യാങ്കാവ്-ആന്ദപുരം റോഡില്‍  റോഡ് വെട്ടി പൊളിച്ച് പെപ്പിട്ട സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം

261
Advertisement

ഇരിങ്ങാലക്കുട : നമ്പ്യാങ്കാവ്-ആന്ദപുരം റോഡില്‍ സ്വകാര്യ വ്യക്തി അനധികൃതമായി റോഡ് വെട്ടി പൊളിച്ച് പെപ്പിട്ട സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം, പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, റോഡ് നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി, പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു. ശനിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ ബി. ജെ. പി. അംഗം രമേഷ് വാര്യരാണ് വിഷയം ഉന്നയിച്ചത്. സ്വകാര്യ വ്യക്തി റോഡ് അര്‍ധരാത്രി റോഡ് വെട്ടി പൊളിച്ച് പൈപ്പിട്ടതിന്റെ അടുത്ത ദിവസം നല്‍കിയ പരാതിയില്‍ മൂന്നര മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രമേഷ് വാര്യര്‍ കുറ്റപ്പെടുത്തി. ആറ് വര്‍ഷം മുന്‍പ് എം. എല്‍. എ. യുടെ പ്രദേശിക വികസനഫണ്ടില്‍ നിന്നും അനുവദിച്ച പണം ഉപയോഗിച്ച് ടാറിങ്ങ് നടത്തിയ റോഡാണ് വെട്ടിപൊളിച്ചിട്ടുള്ളത്.ഇതിന്റെ പേരില്‍ ഇല്ലാത്ത ആരോപണങ്ങളാണ് സ്വകാര്യ വ്യക്തി തനിക്കെതിരെ നടത്തി വരുന്നതെന്നും രമേഷ് വാര്യര്‍ പറഞ്ഞു. ഇ പൈപ്പിലൂടെ സ്വകാര്യ വ്യക്തി മാലിന്യം പുറം തള്ളുകയാണ്. നഗരസഭയെ പോലും വെല്ലുവിളിച്ചാണ് സ്വകാര്യ വ്യക്തി പ്രവര്‍ത്തിക്കുന്നതെന്നും രമേഷ് വാര്യര്‍ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് സമീപവാസി നഗരസഭക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നഗരസഭ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്നും എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിനും ആവശ്യപ്പെട്ടു. അനധികൃതമായാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളതെങ്കില്‍ അടിയന്തിരമായി പൈപ്പ് എടുത്ത മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാറും ആവശ്യപ്പെട്ടു. വിഷയത്തില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ത്യപ്തരായില്ല. കൂടൂതല്‍ വിശദീകരണം ആവശ്യപ്പെട്ട് എല്‍. ഡി. എഫ്-ബി. ജെ. പി അംഗങ്ങള്‍ രംഗത്തു വന്നു. എന്നാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉടന്‍ മറുപടി ലഭിക്കണമെന്നാവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാട് വിഷയത്തില്‍ ഇടപെട്ടു സംസാരിച്ച വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് എടുത്തതോടെ, കുരിയന്‍ ജോസഫുമായുള്ള ഏറെ നേരത്തെ വാഗ്വാദത്തിനു ശേഷം എല്‍. ഡി. എഫ്.-ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തിലെത്തി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു. അനധികൃത നിര്‍മാണമാണെന്ന് കണ്ടെത്തിയാല്‍ പൈപ്പ് എടുത്തുമാറ്റുവാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പു ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷാംഗങ്ങള്‍. തുടര്‍ന്ന് ഭരണകക്ഷിയംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ഫയല്‍ വരുത്തി പരിശോധിക്കാമെന്ന ഉറപ്പിലാണ് പ്രതിപക്ഷം ഇരിപ്പടത്തിലേക്ക് മടങ്ങിയത്. അജണ്ടകള്‍ക്കു ശേഷം ഫയലില്‍ സ്വീകരിച്ച നടപടി സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. നഗരസഭ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയില്‍ അനതിക്യത നിര്‍മാണം നടന്നിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ റോഡ് നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്തതിനാല്‍ നടപടി സ്വീകരിക്കാനാകില്ലെന്ന് സെക്രട്ടറി കെ. എസ്. അരുണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നഗരസഭ ഫണ്ട് ഉപയോഗിച്ച് ഈ റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആസ്തി രജിസ്റ്ററില്‍ ഇല്ലാതെ നഗരസഭ ഫണ്ട് എങ്ങനെ ചിലവഴിക്കാനാകുമെന്ന് രമേഷ് വാര്യര്‍ ചോദിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. തുടര്‍ന്ന് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കണെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാനും ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിണ്ടോയെന്നത് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. തെരുവു വിളക്കുകളുടെ അറ്റകുറ്റപണി സംബന്ധിച്ചും ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദം നടന്നു. നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ ക്രമം തെറ്റിച്ച് അറ്റകുറ്റപണി നടത്തിയതിനെ എല്‍. ഡി. എഫ്. അംഗങ്ങളായ പി. സി. മുരളീധരനും, ബിജി അജയകുമാറും ചോദ്യം ചെയ്തു. മാപ്രാണം ദേവാലയത്തിലെ തിരുന്നാളുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ രേഖാ മൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് അറ്റകുറ്റപണികള്‍ നടത്തിയിട്ടുള്ളതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. എ. കെ. പി. ജംഗ്ഷന്‍-ബസ്സ് സ്റ്റാന്‍ഡ് റോഡിന്റെ പുനരുദ്ധാരണത്തിനായി തയ്യാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് കൗണ്‍സില്‍ യോഗം മാറ്റിവച്ചു. സമീപകാലത്തു ടാര്‍ ചെയ്ത റോഡിലുണ്ടായ തകരാര്‍ കരാറുകാരനെ കൊണ്ട് ചെയ്യിപ്പിക്കണമെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. റോഡിന്റെ ഇരുവശത്തുമുള്ള സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി നീരൊഴുക്കു തടസ്സപ്പെടുത്തിയതാണ് റോഡ് തകരാന്‍ ഇടയാക്കുന്നതെന്നും സന്തോഷ് ബോബന്‍ പറഞ്ഞു. എന്നാല്‍ ഈ സ്ഥാപനങ്ങളുമായി നഗരസഭ നടത്തിയ ചര്‍ച്ചയില്‍ ഇരു ഭാഗത്തും കാന നിര്‍മ്മിക്കാമെന്ന് സ്ഥാപനങ്ങള്‍ പാലിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് എല്‍ ഡി എഫ്. അംഗം പി. വി. ശിവകുമാറും ആവശ്യപ്പെട്ടു. കാന നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗം വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് ഭരണകക്ഷിയംഗം അഡ്വ വി. സി. വര്‍ഗീസും പറഞ്ഞു. പദ്ധതി റിവിഷന്‍ നടത്തുമ്പോള്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കുന്നില്ലെന്ന് എല്‍. ഡി. എഫ്. അംഗം. പി. വി. ശിവകുമാര്‍ ആരോപിച്ചു. ആസൂത്രണ സമിതി യോഗം ചേരാന്‍ പോലും തയ്യാറായില്ല. ഇതു സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് പരാതി നല്‍കുമെന്നും പി. വി. ശിവകുമാര്‍ പറഞ്ഞു. കൗണ്‍സില്‍ തീരുമാനപ്രകാരം വാങ്ങിയ പുല്ലുവെട്ടുന്നതിനുള്ള മെഷിന്‍ അതിന് അനുയോജ്യല്ലാത്തതാണന്ന് ഭരണകക്ഷിയംഗം അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. ഇക്കാര്യത്തില്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. മെഷിന്‍ മാറ്റി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹെല്‍ത്ത് വിഭാഗം തയ്യാറാകണമെന്നും വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. എന്നാല്‍ ട്രയല്‍ റണ്‍ നടത്തുന്നതിനു മാത്രമാണ് മെഷിന്‍ കൊണ്ടു വന്നിട്ടുള്ളതെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. …………

 

Advertisement