ക്രൈസ്റ്റ് കോളേജ് ജീവനക്കാരനെ ആക്രമിച്ചതില്‍ അനധ്യാപക-അധ്യാപക സംയുക്ത പ്രതിഷേധം

531

ഇരിങ്ങാലക്കുട : കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ജീവനക്കാരനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിക്കെതിരെ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് രാവിലെ അനധ്യാപക-അധ്യാപക സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജ് പോര്‍ട്ടിക്കോയില്‍ ധര്‍ണ്ണ നടത്തി. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ നാളുകളായി ഏതാനും വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നേരെ കയ്യേറ്റ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഏതാനും മാസം മുമ്പ് ജിയോളജി വിഭാഗം അധ്യാപകനു നേരെ കയ്യേറ്റം ഉണ്ടായി. അന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.വെള്ളിയാഴ്ച യൂണിയന്‍ തെരഞ്ഞെടുപ്പിനിടയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടായപ്പോള്‍ അധ്യാപകരും അനധ്യാപകരും സംഘര്‍ഷം ലഘൂകരിക്കുന്നതിന് ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാരനായ ഹരിഹരനെ ഏതാനും വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ സി.ഐ ബിജോയ് പി.ആര്‍ ന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.കോളേജില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവരെ നിലക്കുനിര്‍ത്തണം എന്ന് സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഡോ.ബി.പി.അരവിന്ദ, ഡോ.ടോം ചെറിയാന്‍, ഷാജു വര്‍ഗ്ഗീസ്, ലൈജു വര്‍ഗ്ഗീസ്, ജിജോ ജോണി, ബിജു ഫ്രാന്‍സീസ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

Advertisement