നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി കൂടല്‍മാണിക്യ ക്ഷേത്രം 

195

ഇരിങ്ങാലക്കുട : കര്‍ക്കിടക പുണ്യം തേടിയുള്ള തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഏക ഭരതക്ഷേത്രമെന്നറിയപ്പെടുന്ന കൂടല്‍മാണിക്യ ക്ഷേത്രം ഒരുങ്ങി. ജൂലൈ 17 മുതല്‍ തുടങ്ങുന്ന നാലമ്പല തീര്‍ത്ഥാടനത്തില്‍ തീര്‍ത്ഥാടകര്‍ തൃപ്രയാറില്‍ ശ്രീരാമദര്‍ശനം പൂര്‍ത്തിയാക്കി രണ്ടാമതായാണ് കൂടല്‍മാണിക്യത്തില്‍ എത്തുക. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ നില്‍ക്കാന്‍ വിശാലമായ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിംങിന് കൊട്ടിലാക്കല്‍ പറമ്പ് കൂടാതെ മണിമാളികപറമ്പിലും സൗകര്യമുണ്ടായിരിക്കും. ചെരുപ്പ് സൂക്ഷിക്കുന്ന മുറിക്കു സമീപം അമ്മമാര്‍ക്ക് മുലയൂട്ടാന്‍ മുറിയും ഒരുക്കിയിട്ടുണ്ട്. ശനി,ഞായര്‍, ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കഞ്ഞി വിതരണം ചെയ്യും. രാവിലെ 6.30 കെ.എസ്.ആര്‍.ടി.സി യുടെ പ്രത്യേക സര്‍വ്വീസും ക്ഷേത്രത്തിനു മുന്നില്‍ നിന്നും ആരംഭിക്കും. ഒരു മാസം നീളുന്ന നാലമ്പല തീര്‍ത്ഥാടനത്തിനായി ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിനൊപ്പം തൃപ്രയാര്‍ ശ്രീരാമക്ഷേത്രവും, മൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രവും, പായമ്മല്‍ ശത്രുഘ്നസ്വാമിക്ഷേത്രവും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. തൃപ്രയാറില്‍ ശ്രീരാമന്‍, കൂടല്‍മാണിക്യത്തില്‍ ഭരതന്‍, മൂഴിക്കുളത്ത് ലക്ഷ്മണന്‍, പായമ്മലില്‍ ശത്രുഘ്നസ്വാമി എന്നീ ക്രമത്തിലാകണം ദര്‍ശനം നടത്തേണ്ടത്. നാലുക്ഷേത്രങ്ങളിലും സി.സി.ടി.വി.അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement