അര്‍ഹതയ്ക്കുള്ള അംഗീകാരം: വിദ്യാഷാജി ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍

257

വെള്ളാങ്ങല്ലൂര്‍: ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടറായി വിദ്യാഷാജിയെ തിരഞ്ഞെടുത്തു. വിദ്യയ്ക്കിത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. പടിയൂര്‍, പൂമംഗലം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളിലാണ് വിദ്യയുടെ പ്രവര്‍ത്തന മേഖല.കഴിഞ്ഞ പ്രളയകാലത്ത് ശുദ്ധജല, ഒരു ജല മത്സ്യ കൃഷി മേഖലയില്‍ 48 ഹെക്റ്ററുകളിലായി ഒരു കോടിയിലേറെയാണ് രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചത്. ഇവരെ തിരികെ കൃഷിയിലേക്ക് കൊണ്ട് വരാന്‍ പ്രൊമോട്ടര്‍ എന്ന നിലയിലുള്ള ഇടപെടലിലൂടെ സാധിച്ചു. നഷ്ടപരിഹാര ഇനത്തില്‍ ആദ്യ തവണയായി കൃഷിക്കാര്‍ക്ക് 19 ലക്ഷം രൂപ വിതരണം ചെയ്തു. ആറ് വര്‍ഷമായി ഈ മേഖലയില്‍ പ്രൊമോട്ടറായി പ്രവര്‍ത്തിക്കുന്ന വിദ്യ കരൂപ്പടന്ന വള്ളിവട്ടം ഈസ്റ്റ് കൊടുവളപ്പില്‍ ഷാജിയുടെ ഭാര്യയാണ്. ഷാജി കല്‍പ്പണിക്കാരനാണ്. കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിയ്ക്കുന്ന നിരഞ്ജനയും കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളില്‍ അഞ്ചില്‍ പഠിയ്ക്കുന്ന നിയയുമാണ് മക്കള്‍.വിദ്യാ ഷാജിയുടെ പ്രവര്‍ത്തന മേഖലയില്‍ മുന്നൂറോളം മല്‍സ്യ കര്‍ഷകരുണ്ട്. പലരും പലപ്പോഴും നഷ്ടം വന്ന് ഈ മേഖല വിട്ടു പോകാന്‍ ശ്രമിച്ചവരാണ്. എന്നാല്‍ വിദ്യാ ഷാജിയുടെ പ്രവര്‍ത്തന ഫലമായി ഇവരയൊക്കെ തിരികെ കൊണ്ടുവന്നു.മല്‍സ്യ കൃഷിയില്‍ ഇവര്‍ക്ക് വിജയം നേടികൊടുക്കാനും വിദ്യാ ഷാജിയുടെ അക്ഷീണ പ്രയത്‌നം കൊണ്ട് സാധിച്ചു.കര്‍ഷകര്‍ക്ക് വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ധനസഹായത്തെയും പദ്ധതികളേയും കുറിച്ചുള്ള വിവരങ്ങളും നല്‍കാന്‍ വിദ്യാ ഷാജിയുടെ നേതൃത്വത്തില്‍ കര്‍ഷക ക്ലബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്.5000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം.

 

Advertisement